ന്യൂഡല്‍ഹി: കേന്ദ്രം ബംഗാളിനോട് വിവേചനം കാണക്കുന്നുവെന്നും ഏകപക്ഷീയമായി കേന്ദ്രം തീരുമാനമെടുക്കുന്നുവെന്നും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ് മീറ്റിങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
കോവിഡ് വ്യാപന വേളയില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്നും ബംഗാള്‍ മുഖ്യമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു. കോവിഡ് വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടികളിലും മമത പ്രതിഷേധം അറിയിച്ചു.
കോവിഡിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കാന്‍ ഉപയോഗിക്കുകയാണെന്ന് വിമര്‍ശിച്ച മമത, ‘ഞങ്ങളുടെ അഭിപ്രായം ആരും തേടിയില്ലെന്നും ചില സംസ്ഥാനങ്ങളോടു മാത്രമാണു കേന്ദ്രത്തിനു താല്പര്യമെന്നും പറഞ്ഞു.
ഒരു സംസ്ഥാനമെന്ന നിലയില്‍ വൈറസിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. ഈ നിര്‍ണായക സമയത്ത് കേന്ദ്രം രാഷ്ട്രീയം കളിക്കരുത്. ഞങ്ങള്‍ക്ക് അന്താരാഷ്ട്ര അതിര്‍ത്തികളും മറ്റ് വലിയ സംസ്ഥാനങ്ങളും ഉണ്ട്, അവ കൈകാര്യം ചെയ്യാന്‍ വെല്ലുവിളികളുണ്ട്, ”പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ബാനര്‍ജി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്നും ടീം ഇന്ത്യയായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഫെഡറല്‍ ഘടനയെ മാനിക്കണമെന്നും മമത യോഗത്തില്‍ ഓര്‍മ്മിച്ചു.
കോവിഡ് -19 മാനേജ്മെന്റിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാറും അമിത് ഷായും അടുത്തിടെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് യോഗിത്തിലെ മമതയുടെ പ്രതികരണം. ജനസംഖ്യയുടെ ആനുപാതികമായി വളരെ കുറഞ്ഞ പരിശോധനാ നിരക്കും എന്നാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കായ 13.2 ശതമാനവുമാണ് ബംഗാളിലുള്ളത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്നാംഘട്ട ലോക്ഡൗണ്‍ മെയ് 17 ന് അവസാനിക്കാനിരിക്കെയാണ മുഖ്യമന്ത്രിമാരുമായി മോദി വിഡിയോചര്‍ച്ച നടത്തിയത്. കൊറോണ വൈറസ് രാജ്യത്തെ ബാധിച്ചശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന അഞ്ചാമത്തെ ചര്‍ച്ചയാണിത്. നേരത്തേതില്‍ നിന്നു വ്യത്യസ്തമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കു സംസാരിക്കാന്‍ അവസരമുണ്ടായിരുന്നു എന്നതാണ് തിങ്കളാഴ്ചത്തെ യോഗത്തിന്റെ പ്രത്യേകത. ലോക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവു വരുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. 17നു ശേഷം പൂര്‍ണമായി തുറക്കാവുന്ന മേഖലകള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയവ ചര്‍ച്ചയായെന്നാണു സൂചന. അതേസമയം ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബംഗാള്‍ അടക്കം വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.