ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതോടെ ഉണ്ടായ അനിശ്ചിതത്വം മറികടക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാനാണ് പുതിയ നീക്കം. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍നിന്ന് സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കുന്നതിനാണിതെന്നാണ് സൂചന.
നിയമം നടപ്പാക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെങ്കിലും പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാനത്തിനുകൂടി പങ്കാളിത്തമുണ്ട്. നിലവിലുള്ള നടപടിക്രമം അനുസരിച്ച് ജില്ലാ കളക്ടര്‍ മുഖേനയാണ് പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും രേഖകള്‍ പരിശോധിക്കുന്നതും പൗരത്വം നല്‍കുന്നതും അടക്കമുള്ള എല്ലാ നടപടികള്‍ക്കുമായി പ്രത്യേക അധികാരിയെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്‍.ഡി.എ ഘടക കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം രംഗത്ത് വന്നതാണ് പുതിയ വഴി തേടാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ബീഹാര്‍, ഒഡീഷ്യ, ഡല്‍ഹി, പുതുച്ചേരി, രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.