വിമാന സര്‍വീസ് നടത്താന്‍ ഇപ്പോള്‍ ആലോചനയില്ല; കേന്ദ്രം ഹൈക്കോടതിയില്‍


കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വിമാന സര്‍വീസ് തുടങ്ങുന്ന കാര്യം ഇപ്പോള്‍ ആലോചിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി കിട്ടിയശേഷമേ ഇക്കാര്യം പരിഗണിക്കാനാകൂ. എന്നാല്‍, അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാനാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായി സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. എല്ലാ ആഴ്ചയും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഉണ്ടെന്നും കേരളം കോടതിയില്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക വിമാന, ട്രെയിന്‍ സര്‍വീസ് തുടങ്ങണമെന്ന ഹര്‍ജി 19ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

SHARE