ലോക പ്രശസ്ത ചരിത്രകാരിയും അധ്യാപികയുമായ റൊമില ഥാപര്‍ ബയോഡാറ്റ ഹാജരാക്കണമെന്ന് ജെ.എന്‍.യു

ന്യൂഡല്‍ഹി: ലോകപ്രശസ്ത ചരിത്രകാരിയും ഗ്രന്ഥകാരിയും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയുമായ റൊമില ഥാപ്പറിന്റെ ബയോഡാറ്റ ആവശ്യപ്പെട്ട ജെ.എന്‍.യു അധികാരികളുടെ നടപടി വിവാദമാകുന്നു. എമിററ്റസ് പ്രൊഫസര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ തീരുമാനമെടുക്കാന്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്നാണ് റൊമിലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ നയങ്ങളുടെ ശക്തയായ വിമര്‍ശകയായ റൊമിലയോട് സര്‍വ്വകലാശാല അധികൃതര്‍ പ്രതികാരപൂര്‍വ്വം പെരുമാറുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയയായ ചരിത്രകാരിയാണ് റൊമില ഥാപ്പര്‍. പ്രാചീന ഇന്ത്യയുടെ ചരിത്രാന്വേഷണത്തില്‍ നിര്‍ണ്ണായക സംഭവാന നല്‍കിയ റൊമില 1970 മുതല്‍ 1991 വരെ ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു. വിമരിച്ചതിന് ശേഷം, അക്കാദമിക രംഗത്തെ മികവും രാജ്യാന്തര തലത്തിലെ പ്രശസ്തിയും പരിഗണിച്ച് എമിററ്റസ് പ്രൊഫസറായി നിയമിച്ചു. സാധാരണ അധ്യാപക നിയമനം പോലെ ബയോഡാറ്റ സമര്‍പ്പിച്ച്, അഭിമുഖത്തിന് ശേഷമല്ല എമിററ്റസ് പ്രൊഫസര്‍ നിയമനം.

അക്കാദമിക രംഗത്തെ സംഭാവനകള്‍ക്കുള്ള ബഹുമതിയായണ് ഇത് നല്‍കുന്നത്. ഒരിക്കല്‍ നിയമിച്ചാല്‍ പിന്നീട് മാറ്റുന്ന പതിവില്ല. ഈ സാഹചര്യത്തിലാണ് പ്രൊഫസര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ തീരുമാനമെടുക്കാന്‍ റൊമിലയെപ്പോലെ രാജ്യാന്തര തലത്തില്‍ തന്നെ അറിയപ്പെട്ട ചരിത്രകാരിയോട് ബയോഡാറ്റ ആവശ്യപ്പെട്ടത് എന്തിനെന്ന ചോദ്യം ഉയരുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളുടെ ശക്തയായ വിമര്‍ശകയാണ് റൊമില.

വിദ്യഭ്യാസ രംഗത്തെ സ്വകാര്യ വത്കരണത്തിനെതിരെയെും, ജെ.എന്‍.യു ഉള്‍പ്പെടേയുള്ള കലാലയങ്ങളിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ചോദ്യം ചെയ്തും റൊമില രംഗത്ത് വന്നിരുന്നു. ഇതിനോടുള്ള പ്രതികാരമായാണ് സര്‍വ്വകലാശാല അധികൃതരുടെ നടപടിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. ശശി തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജെ.എന്‍.യു അധികൃതരുടെ നടപടി രാജ്യത്തിന് തന്നെ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

SHARE