കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി; നിര്‍മ്മല സീതാരാമന്‍ പുറത്തേക്കെന്ന് സൂചന

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ മറികടക്കാന്‍ നിര്‍മ്മല സീതാരാമന്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം വാക്കുകളില്‍ ഒതുങ്ങി പോയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിര്‍മ്മല സീതാരാമന് പകരം സാമ്പത്തിക രംഗത്തെ ഒരാളെ കൊണ്ടുവരുമെന്നാണ് സൂചന. നാഷണല്‍ ഡെബിറ്റ് ബാങ്കിന്റെ അധ്യക്ഷപദം ഒഴിഞ്ഞ സാമ്പത്തിക വിദഗ്ധന്‍ കെ വി കാമത്തിന്റെ പേരാണ് ധനകാര്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. മറ്റൊരു പ്രമുഖ സാമ്പത്തിക കാര്യ വിദഗ്ധനായ നന്ദന്‍ നിലേകനിയുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. കൂടാതെ, റെയില്‍വേ, കൃഷി, മാനവവിഭവശേഷി വകുപ്പ് മന്ത്രിമാരും മാറുമെന്ന് അഭ്യൂഹമുണ്ട്. നിലവിലെ മന്ത്രിമാരായ ഏതാനും പേരെ പാര്‍ട്ടി ചുമതലകളിലേക്ക് നിയോഗിക്കുമെന്നാണ് സൂചന.