മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാത്തവര്‍ ഇന്ത്യക്കാരല്ല; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. വിദേശത്ത് താമസിക്കുന്നവര്‍ പോലും ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നു. ഇത് സംഭവിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വ മികവും വ്യക്തിപരമായ സമീപനവും കാരണമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. അമേരിക്കന്‍ പ്രസിഡണ്ട് ഇത്രമാത്രം അഭിനന്ദിച്ചിട്ടും പ്രധാനമന്ത്രി മോദിയെ കുറിച്ചോര്‍ത്ത് അഭിമാനിക്കാത്തവരെ ഇന്ത്യക്കാരായി കണക്കാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിച്ചത്.