മതങ്ങളെ തമ്മില്‍ തല്ലിക്കാനും ആക്രമത്തിനുമാണ് സി.എ.എ ഉപയോഗപ്പെടുത്തുന്നതെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരെയുള്ള പോരാട്ടമായി സമരം മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിയില്‍ കലാപമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ മതങ്ങളെ തമ്മില്‍ തല്ലിക്കാനും പൊതുജനത്തെ പരസ്പരം ആക്രമിക്കാനും മാത്രമാണ് ബില്‍ ഉപയോഗപ്പെട്ടുവരുന്നത്. മതേതരത്വ ഇന്ത്യയെ ഇല്ലാതാക്കുകയും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇതിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയത വളര്‍ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മതേതരത്വത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ. മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശ്രമങ്ങളെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും. ഭരണഘടനയില്‍ കാലാനുസൃതമായി മാറ്റംവരുത്തുന്നതില്‍ തെറ്റില്ല. ആര്‍ട്ടിക്കിള്‍ 13, 14 ന്റെ നഗ്്‌നമായ ലംഘനമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ഇത് അംഗീകരിക്കാനാവില്ല. രാജ്യം അപകടത്തില്‍ നിന്നും അപകടത്തിലേക്ക് പോയിക്കൊണ്ടിരിക്കയാണ്. ആര്‍ എസ് എസ് , ബി ജെ പി അജണ്ടകള്‍ നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തു വരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത് കോണ്‍ഗ്രസിന്റെ ഇടപെടല്‍ കൊണ്ടുമാത്രമാണ്. പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പിലാക്കുകയില്ലെന്ന് പറയുകയും അതിനെതിരെ സമരം നടത്തുകയും ചെയ്ത കേരള സര്‍ക്കാര്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോയത് അംഗീകരിക്കാനാവാത്തതാണ്. ഒന്നും പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് അപമാനമാണ്. കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധമില്ലായിരുന്നുവെങ്കില്‍ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമായിരുന്നു. അടുത്ത വര്‍ഷം ഏപ്രിലിനും മെയ് മാസത്തിനുമിടയില്‍ എന്‍.പി.ആര്‍ പുതുക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ പൊതുഭരണ വകുപ്പ് 2019 നവംബര്‍ 12 ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

മംഗലാപുരത്ത് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടി അംഗീകരിക്കാന്‍ പറ്റാത്തതാണ്. ഇതിനെ ശക്തമായി തന്നെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതായും ചെന്നത്തല പറഞ്ഞു.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി വി പ്രകാശ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി എ പി അനില്‍കുമാര്‍ എം എല്‍ എ, പി ടി അജയ്‌മോഹന്‍ ആര്യാടന്‍ ഷൗക്കത്ത്, കെ പി അബ്ദുല്‍ മജീദ്, ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
പിറന്ന മണ്ണിന് സ്വാതന്ത്ര്യം നേടിതന്ന കോണ്‍ഗ്രസ് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഏതറ്റം വരെ പോകാനും കോണ്‍ഗ്രസ് തയ്യാറാകുമെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. ഭിന്നിപ്പിക്കല്‍ ഭരിക്കല്‍ തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്നും അനില്‍കുമാര്‍ തുടര്‍ന്നു പറഞ്ഞു. മതപരമായും ജാതീയമായും വേര്‍തിരിവുണ്ടാകുന്ന ഈ ബില്ലിനെതിരെ അവസാനശ്വാസം വരെ പോരാടന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

ജനാധിപത്യത്തേയും മതേതരത്വത്തെയും വെല്ലുവിളിച്ച് നടപ്പിലാക്കുന്ന പൗരത്വ നിയമഭേദഗതി ബില്‍ പിന്‍വലിക്കേണ്ടത് ഇന്ത്യയുടെ ഭാവിക്ക് അത്യാവശ്യമാണെന്ന് ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് പറഞ്ഞു. മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ പോരാട്ടം നട്തതുന്ന ജനങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്നും നില്‍ക്കുകയെന്നും പ്രകാശ് പറഞ്ഞു. ബി ജെ പി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതിഷേധങ്ങളെ അവഗണിക്കുകയും പ്രതിഷേധ സ്വരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്ന നയമാണ് സ്വീകരിക്കുന്നത്. ഇത് കോണ്‍ഗ്രസിന് അംഗീകരിക്കാനാവില്ലെന്നും പ്രകാശ് തുടര്‍ന്നു പറഞ്ഞു. നേതാക്കളായ വീക്ഷണം മുഹമ്മദ്, വി.എ കരീം, റഷീദ് പറമ്പന്‍, അസീസ് ചീരാന്തൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SHARE