ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍.പി.ആര്‍) നടപടികള്‍ക്കെതിരെ വ്യാപക പ്രക്ഷോഭം ഉയര്‍ന്നതോടെ വിവാദ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. എന്‍.പി.ആറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്നാലോ തെറ്റായ വിവരം നല്‍കിയാലോ 1000 രൂപ പിഴ ഈടാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
2003 ലെ പൗരത്വ നിയമപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഇതുപ്രകാരം, ഒരു ഗൃഹനാഥന്‍ വിവരങ്ങള്‍ നല്‍കാതിരുന്നാലോ തെറ്റായ വിവരങ്ങള്‍ നല്‍കിയാലോ ആയിരം രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഈ മുന്നറിയിപ്പ് 2020 ലെ എന്‍.പി.ആര്‍ ഫോമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2011ലെയും 2015 ലെയും എന്‍.പി. ആറില്‍ ഇത്തരത്തിലുള്ള നടപടികളുണ്ടായിരുന്നില്ല.
കണക്കെടുപ്പിനായി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ തെറ്റായ പേരും മേല്‍വിലാസവും നല്‍കണമെന്ന് എഴുത്തുകാരി അരുന്ധതി റോയി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പേരു ചോദിക്കുമ്പോള്‍ രംഗ ബില്ലയെന്നോ (ബലാത്സംഗകൊലപാതകക്കേസില്‍ തൂക്കിലേറ്റപ്പെട്ടവര്‍) വിലാസം ചോദിച്ചാല്‍ 7 റേസ് കോഴ്‌സ് റോഡെന്നോ (പ്രധാനമന്ത്രിയുടെ വസതി) പറയാനാണ് അരുന്ധതി ആഹ്വാനം ചെയ്തത്. ഇതിനെതിരേ ബി.ജെ.പി അനുയായിയായ അഭിഭാഷകന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസ്താവന മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ആരോപണം. അരുന്ധതിയുടെ ആഹ്വാനം വന്‍ തോതില്‍ ചര്‍ച്ചയായതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ഇതുവരെ രാജ്യത്ത് 73 ജില്ലകളില്‍ പ്രാഥമിക കണക്കെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചതായും 30 ലക്ഷം ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് (ആര്‍.ജി.ഐ) കേരളം, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്‍.പി.ആര്‍ നടപടികളോട് സഹകരിക്കില്ലെന്ന് ഇരു സംസ്ഥാനങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍.പി.ആര്‍ നടപടി പൊതുക്രമത്തിന് ഹാനികരമാണെന്നും അതുകൊണ്ട് തന്നെ ഇത് തല്‍ക്കാലം നിര്‍ത്തിവെക്കണമെന്നും സംസ്ഥാനങ്ങള്‍ അയച്ച കത്തില്‍ വ്യക്തമാക്കി. പ്രാദേശിക സെന്‍സസ് ഓഫീസുകള്‍ വഴിയാണ് കത്ത് കൈമാറിയത്. ഇത് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇക്കാര്യത്തില്‍ എന്തുനടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ ഇനിയും വ്യക്തതയില്ല. സെന്‍സസ് പോലെ, എന്‍.പി.ആര്‍ നടപടികളുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിന് ആവശ്യമുള്ളത്ര ആളുകളെ നിയോഗിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. ‘സംസ്ഥാനങ്ങള്‍ സഹകരിക്കില്ലെന്ന് വിശ്വസിക്കുന്നില്ല. സെന്‍സസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെയും ബംഗാളിലെയും സെന്‍സസ് ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തിന്റെ കാര്യം അറിയിച്ചിരുന്നു. അതോടൊപ്പം എന്‍.പി.ആര്‍ നടപടികളും നടത്തണമെന്ന് ഉദേ്യാഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തന്നെ ഉപകാരപ്പെടും. 2010 ലും 2015 ലും അവര്‍ നടപടികളില്‍ പങ്കെടുത്തിരുന്നു. ബംഗാള്‍ നേരത്തെ റേഷന്‍ കാര്‍ഡുകള്‍ക്കായി എന്‍.പി.ആര്‍ ഡാറ്റ ഉപയോഗിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. എന്‍പിആര്‍ തയ്യാറാക്കുന്ന പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരോട് 20 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.