ന്യൂഡല്‍ഹി: എന്‍പിആറിനെതിരെ രാജ്യവ്യപാകമായി പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആയിരിക്കും പട്ടികയിലെ ആദ്യപേരുകാരന്‍ എന്നാണ് വിവരം. സംസ്ഥാനങ്ങള്‍ വലിയ എതിര്‍പ്പ് തുടരുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ നീക്കം.
ഏപ്രില്‍ ഒന്നാം തീയതി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലായിരിക്കും ജനസംഖ്യാ രജിസ്റ്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. രാഷ്ട്രപതി റാംനാഥ് കോവിന്ദായിരിക്കും ജനസംഖ്യാ രജിസ്റ്ററിലെ ആദ്യ പേരുകാരനാകുക എന്നാണ് വിവരം. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പട്ടികയില്‍ ഇടംപിടിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോടകം ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. എന്‍പിആര്‍ സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തി വെച്ച സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയ കേരള സര്‍ക്കാര്‍ ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനു മുന്നോടിയായാണ് കേന്ദ്രസര്‍ക്കാര്‍ എന്‍പിആര്‍ നടപ്പാക്കുന്നത്. ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതോടെ പൗരത്വ രജിസ്റ്ററിന് ആവശ്യമായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കുമെന്നും എന്‍പിആറും എതിര്‍ക്കപ്പെടേണ്ടതാണെന്നും പ്രതികരണം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ പൗരത്വ രജിസ്റ്ററോ ജനസംഖ്യാ രജിസ്റ്ററോ നടപ്പാക്കില്ലെന്നും സംസ്ഥാനത്ത് ഇത്തരത്തില്‍ നടപ്പാക്കുന്ന ഒരേയൊരു കണക്കെടുപ്പ് സെന്‍സസ് മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, എന്‍പിആര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്‍പിആറിനെ എതിര്‍ത്തു നിലപാടെടുത്ത കേരളത്തിലെയും പശ്ചിമ ബംഗാളിലെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുമായി രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷറും ചര്‍ച്ച നടത്തും. സെപ്റ്റംബറിനു മുന്‍പായി ജനസംഖ്യാ രജിസ്റ്ററിന്റെയും സെന്‍സസിന്റെയും നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.