ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ചികില്‍സാ വസ്തുക്കളുടെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ ഉല്പാദകര്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം, രാജ്യത്ത് മരിച്ചവരുടെ എണ്ണം 109 ആയി.
അടുത്ത രണ്ടു മാസത്തേക്ക് 2.7 കോടി ച95 മാസ്കുകള്‍, 16 ലക്ഷം പരിശോധനാ കിറ്റുകള്‍, അന്‍പതിനായിരം വെന്റിലേറ്ററുകള്‍ എന്നിവ ഒരുക്കാനും കേന്ദ്രം നിര്‍ദേശം നല്കി. കോവിഡ് രോഗികള്‍ ഏറെയുള്ള ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 82% രോഗബാധിതരുള്ള 62 ജില്ലകള്‍ അടച്ചിടണം. കേരളത്തിലെ ഏഴു ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും നിര്‍ദേശം ഉണ്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരും.
24 മണിക്കൂറിനിടയില്‍ 32 മരണമാണ് സംഭവിച്ചിരിക്കുന്നത്. 505 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തേഴായി. രാജ്യത്തെ 274 ജില്ലകളില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞിരിക്കുകയാണ്. ലോകമെമ്പാടും കൊറോണവൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം എഴുപതിനായിരം അടുക്കുന്നു. 69,418 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു.