കലാപത്തിന് തുടക്കമിട്ട പരാമര്‍ശം നടത്തിയ കപില്‍മിശ്രക്ക് വൈ കാറ്റഗറി സുരക്ഷയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് കാരണക്കാരനായ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കപില്‍ മിശ്ര ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആറ് സായുധ സുരക്ഷാഭടന്‍മാര്‍ മുഴുവന്‍ സമയവും കപില്‍ മിശ്രയ്ക്ക് ഒപ്പമുണ്ടാകും

അതേസമയം, കലാപത്തില്‍ 47 പേര്‍ കൊല്ലപ്പട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ ഡല്‍ഹി കലാപത്തിലെ ഇരകളായ ഹിന്ദുക്കള്‍ക്ക് സഹായം ആവശ്യപ്പെട്ട് കപില്‍ മിശ്ര രംഗത്തെത്തിയിരുന്നു. ഇതിനായി വെബ്‌സൈറ്റും തുറന്നിട്ടുണ്ട്.

ജാഫ്രാബാദിന് സമീപമുള്ള മൗജ്പൂരില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു മിശ്രയുടെ വിദ്വേഷ പ്രസംഗം. ഇതിന് പുറമെ ട്വീറ്റുകളും ഉണ്ടായിരുന്നു. ജാഫ്രാബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിക്കരുതെന്നായിരുന്നു കപില്‍ മിശ്രയുടെ വാക്കുകള്‍. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്‍കാനായി മൗജ്പൂരില്‍ എത്തണമെന്ന് ആഹ്വാനം ചെയ്ത മിശ്ര, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരിച്ചുപോകുന്നത് വരെ സമാധാനം പാലിക്കുമെന്നും അത് കഴിഞ്ഞാല്‍ പൊലീസ് പറയുന്നത് കേള്‍ക്കാനുളള ബാധ്യത തങ്ങള്‍ക്കുണ്ടാവില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായത്.

മിശ്രയെക്കൂടാതെ അനുരാഗ് ഠാക്കുര്‍, പര്‍വേഷ് ശര്‍മ്മ, അഭയ് വര്‍മ്മ തുടങ്ങിയ നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങള്‍ കലാപത്തിന് എരിവ് പകര്‍ന്നതായി കരുതപ്പെടുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ഡല്‍ഹി ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.