പകയും വിദ്വേഷവും പ്രശ്‌ന പരിഹാരമല്ല

കെ. മൊയ്തീന്‍കോയ

കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം കാട്ടുനീതി തന്നെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്ന് കീഴിലുള്ള. എന്‍.ഐ.എയും ഡല്‍ഹി പൊലീസും ബി.ജെ.പി നിയന്ത്രിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ നീതിന്യായ രംഗത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. കോവിഡ് മഹാമാരിക്കെതിരെ രാജ്യമൊന്നാകെ പൊരുതുമ്പോള്‍, ഇതിന്റെ മറവില്‍ എതിരാളികളെ വേട്ടയാടുന്നത് ഭരണകൂട ഭീകരതയാണ്. പൗരത്വ നിയമ ഭേദഗതി (സി.എ.എ) ക്കെതിരായി രാജ്യമെമ്പാടും അലയടിച്ച അമര്‍ഷ പ്രകടനത്തില്‍ അണിനിരന്ന വിദ്യാത്ഥികളേയും സാമൂഹ്യ പ്രവര്‍ത്തകരേയും നേതാക്കളേയും അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുകയും ചെയ്യുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണ്.

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നയിച്ച ഗവേഷക വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗര്‍ തിഹാര്‍ ജയിലില്‍ ഏകാന്ത തടവിലാണ്. നാല് മാസം ഗര്‍ഭിണിയായ സഫൂറയ്ക്ക് കോടതി മൂന്നാം തവണയും ജാമ്യം നിഷേധിച്ചു. നീതിക്ക് പകരം സര്‍ക്കാറിന്റെ നിരര്‍ത്ഥകവാദം പരിഗണിക്കുകയാണ് കോടതി !. ആദ്യം പൊലീസ് സാധാരണ കേസ് എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് യു.എ.പി.എ ചുമത്തി ജാമ്യത്തിനുള്ള സാധ്യത അടച്ച് കൊണ്ടാണ് മനുഷ്യത്വരഹിതമായ നീതി നിഷേധം. നിരവധി വിദ്യാര്‍ത്ഥികളും തിഹാര്‍ ജയിലില്‍ കഴിയുന്നു. കൊടും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഡല്‍ഹി പോലീസ് സമീപനം. ഡല്‍ഹി കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് ഇവര്‍ക്ക് എതിരെ ആരോപണം. ഇരയെ വേട്ടക്കാരന്‍ ആക്കുന്ന തന്ത്രം ഡല്‍ഹി പൊലീസ് ഇസ്‌റാഈലില്‍ നിന്ന് സ്വീകരിച്ചതാകണം.

മറ്റൊരു വിദ്യാര്‍ത്ഥി നേതാവ് മീരാന്‍ ഹൈദര്‍, സംഭവത്തില്‍ പ്രതിഷേധിച്ച ദി വ യര്‍ ഓണ്‍ ലൈന്‍ എഡിറ്റര്‍ വരദരാജന്‍ തുടങ്ങിയവരും തടവിലാണ്. ഡല്‍ഹി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.സഫറുല്‍ ഇസ്‌ലാം ഖാന് എതിരെ രാജ്യദ്രോഹത്തിനും കേസ്. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന സ്ത്രീപക്ഷ സംഘടനയായ പിഞ്ച്‌റ തോഡ് സ്ഥാപക നേതാവ് ദേവാംഗന കലിതയെയും ഡല്‍ഹി വംശീയ ആക്രമണ കേസ് പ്രതി ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് എതിരെയുണ്ട് യു .എ.പി.എ. ഡല്‍ഹി പൊലീസ് ഇങ്ങനെ യു.എ.പി.എ ചുമത്തുന്ന എട്ടാമത്തെ ആക്ടിവിസ്റ്റാണ് കലിത. നേരത്തെ ചുമത്തിയ കേസില്‍ തിഹാര്‍ കോടതി ജാമ്യം അനുവദിച്ചുവെങ്കിലും കരിനിയമം ചേര്‍ത്ത് ഇവരെ വീണ്ടും കുടുക്കി. അതേസമയം, ഡല്‍ഹി വംശീയാക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപണത്തിന് വിധേയനായ കപില്‍ മിശ്ര ഉള്‍പ്പെടെ ബി.ജെ.പി നേതാക്കളെ കയറൂരി വിടുകയും ചെയ്യുന്ന ഡല്‍ഹി പൊലീസ് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ കീഴ്‌മേല്‍ മറിക്കുന്നു.

ബി.ജെ.പി ഭരണ സംസ്ഥാനമായ കര്‍ണാടകയില്‍ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യന്‍ ഘടകത്തിന്റെ തലവനായിരുന്ന ആകാര്‍ പട്ടേലിന് എതിരെ ബാങ്കളൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. എന്തൊരു ശുഷ്‌കാന്തി! സി.എ.എ പ്രക്ഷോഭത്തില്‍ നിരവധി തവണ സംബന്ധിച്ച പട്ടേല്‍ ഇപ്പോള്‍ ചെയ്ത ‘കുറ്റം’ ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതാണ്! ബാങ്കളൂര്‍ മൗര്യ സര്‍ക്കിളിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പട്ടേല്‍ സത്യഗ്രഹം നടത്തിയതാണ് പൊലീസ് വലിയ അപരാധമായി കാണുന്നത്. ഇതേ പ്രക്ഷോഭത്തില്‍ അസമില്‍ അണിനിരന്ന കര്‍ഷക നേതാവ് അഖില്‍ ഗോഗെയ് യുടെ അനുയായി ബിട്ടു സോനോവാലിന് എതിരെ എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഇയാളുടെ ഫേസ് ബുക്കില്‍ ‘ലാല്‍സലാം’ എന്നും ലെനിന്റെ ചിത്രവും കാണുന്നുണ്ടെന്നാണ് യു.എ.പി.എ ചുമത്തുന്നതിന്ന് കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്ന് ഒരു ദേശീയ ദിനപത്രം പുറത്തുവിട്ടു. ഗൊഗെയ് ഡിസമ്പറില്‍ തന്നെ അറസ്റ്റിലാണ്.

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം കോവി ഡിനെ തുടര്‍ന്ന് നിലച്ചിട്ടുണ്ടെങ്കിലും പുനരാരംഭിക്കുമെന്ന ആശങ്കയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പ്രക്ഷോഭ നേതാക്കളെ തെരഞ്ഞുപിടിച്ച് അമര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തുകയാണ്. കോവിഡ് വ്യാപനവും മരണവും കേന്ദ്രത്തിന് പ്രശ്‌നമേയല്ല. ബാബരി കേസും 370 വകുപ്പ് എടുത്ത് കളയലും മുത്തലാഖും സി.എ.എ.യും വന്‍ നേട്ടമായി കൊട്ടിഘോഷിക്കുമ്പോള്‍, അവയൊക്കെ മറികടന്ന് കുടിയേറ്റ തൊഴിലാളി പ്രശ്‌നം കേന്ദ്രത്തിന്റെ ഉറക്കം കെടുത്തുകയാണല്ലോ. കോര്‍പറേറ്ററുകളുടെ 65000 കോടി എഴുതി തള്ളുമ്പോള്‍ അവയൊന്നും രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്ന തിരിച്ചറിവ് മോദി സര്‍ക്കാറിന് ഇല്ലാതെ പോകുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്നതില്‍ യാതൊരു മനസ്സാക്ഷികുത്തുമില്ല. ജി.ഡി.പി. വളര്‍ച്ച നിരക്ക് 11 വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം തകര്‍ന്ന നിലയില്‍ എത്തി. തൊഴിലില്ലായ്മ 45 വര്‍ഷത്തിന്നിടയില്‍ ഏറ്റവും ഗുരുതരം. മോദിയും ബി.ജെ.പിയും ജനങ്ങള്‍ക്ക് നല്‍കി യ ‘അച്ചാദിന്‍’ വാഗ്ദാനം പകയും വിദ്വേഷവും വര്‍ഗ്ഗീയതയും ഭിന്നിപ്പിക്കലും പ്രചരിപ്പിച്ചാല്‍ കൊണ്ടുവരാനാവില്ല.

പൗരത്വ ഭേദഗതിക്കെതിരെ അണിനിരന്നവരേ വലവീശി പിടിക്കുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നുള്ള ആശ്വാസവാക്ക് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അമിത് ഷാ പ്രസ്താവിക്കുന്നുണ്ടെങ്കിലും മുഖവിലക്കെടുക്കുവാന്‍ സാധ്യമല്ല. പ്രക്ഷോഭം പുനരാരംഭിക്കാനുള്ള നീക്കത്തിന്റെ മുനയൊടിക്കുകയാണ് നിഗൂഡ ലക്ഷ്യം. പ്രക്ഷോഭ നേതാക്കള്‍ക്ക് ശക്തി പകരുന്ന നിലപാടും പ്രഖ്യാപനവുമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സ്വീകരിച്ചത്. ഡല്‍ഹിയില്‍ തടവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം നല്‍കാനും നിയമപരമായ പിന്തുണ നല്‍കാനും മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അല്ല കേന്ദ്രത്തിന് താല്‍പര്യം. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പെട്ടെന്നൊരു തിരിച്ച് വരവ് പ്രയാസകരം.

കഴിഞ്ഞാഴ്ച പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ് നടത്തിയ വെര്‍ച്വര്‍ ചര്‍ച്ചയില്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. ബ്രിട്ടനിലെ ലേബര്‍ നേതാവ് ജര്‍മി കോര്‍ ബിന്‍, താരിഖ് അലി എന്നിവരുമായി നടന്ന ചര്‍ച്ചയുടെ വിഷയം ‘കോറോണ വൈറസ് – യുദ്ധവും സാമ്രാജ്യത്വവും’ എന്നായിരുന്നു. ഈ ദുരിതകാലത്തും ജനശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടത്തുന്ന തന്ത്രം മുസ്‌ലിം വിരുദ്ധതയില്‍ ഊന്നല്‍ നല്‍കുകയും ഹിന്ദുത്വ ദേശീയത പ്രചരിപ്പിക്കുകയുമാണ്. ഇതിലൂടെ യാതൊരു നേട്ടവും ജനങ്ങളില്‍ എത്തില്ല. ദേശീയ വിഭവങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നു. ഓണ്‍ലൈനിലൂടെ വിദ്യാഭ്യസവും സ്വകാര്യവല്‍ക്കരണ പാതയില്‍. അരികു വല്‍കരിക്കപ്പെട്ടവരും ദലിതരും പുറത്താകും. മധ്യവര്‍ഗവും മാധ്യമ കുത്തകകളും നരേന്ദ്ര മോദിയെ മഹാനായി പുകഴ്ത്തുകയാണ്. ഇതിന്നൊക്കെ എതിരെ ഉറച്ച് നില്‍ക്കുന്നവരെ നിശബ്ദരാക്കുന്നു. അല്ലെങ്കില്‍ ഭയപ്പെടുത്തും. പലരും നടപടി നേരിടുന്നു. രാഹുല്‍ ഗാന്ധിയുടെ ശബ്ദം ഒറ്റപ്പെട്ടതാണെങ്കിലും ഉയര്‍ന്ന് കേള്‍ക്കുന്നുവെന്ന് മാത്രം. അരുന്ധതി റോയ്‌യുടെ വിമര്‍ശനം സമകാലിക ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രമാണ്. രാജ്യത്തിന്നകത്തും പുറത്തും കടുത്ത വിമര്‍ശനം ഉയരുമ്പോള്‍, നയ നിലപാടുകള്‍ തിരുത്താന്‍ കേന്ദ്രം തയാറാകില്ലെങ്കില്‍ ഭാവി, ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലായിരിക്കും.

SHARE