കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിന് തിരിച്ചടി. പ്രവാസികളെ ഉടനെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ക്വാറന്റൈന് ഉറപ്പാക്കാനാവാതെ കൊണ്ടുവരുന്നത് പ്രശ്നങ്ങളുണ്ടാക്കും. വീസ തീരുന്ന പ്രശ്നമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
പ്രവാസികളെ എത്തിക്കാന്‍ കേരളം തയ്യാറാണെങ്കില്‍ കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. ഒരു സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിക്കാനാവില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഗള്‍ഫിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് കോടതി സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.
പ്രവാസികളെ നാട്ടിലെത്താന്‍ സംസ്ഥാനം സജ്ജമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്വാറന്റൈന് കേന്ദ്രങ്ങളുറപ്പാക്കാതെ പ്രവാസികളെ കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും ജീവനും ബലികൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് കേന്ദ്രം തയ്യാറല്ല. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടി നേടാന്‍ ശ്രമിക്കുന്നു. കേന്ദ്രം എടുത്തുചാടി നടപടികളെടുക്കില്ലെന്നും വി മുരളീധരന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പ്രവാസികള്‍ക്കായി രണ്ടരലക്്ഷത്തോളം ഐസോലേഷന് വാര്‍ഡുകള്‍ സംസ്ഥാനത്ത് സജ്ജീകരിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റേത് അനുകൂല നിലപാടല്ലാത്തതു മൂലം പ്രവാസികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.