പൗരത്വ ഭേദഗതി നിയമം: നടപ്പിലാക്കില്ലെന്ന് അറിയിച്ച കേരളത്തിനും ബംഗാളിനും കേന്ദ്രത്തിന്റെ മറുപടി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാദ്ധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളം, ബംഗാള്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ബില്‍ നടപ്പാക്കില്ലെന്ന നിലപാട് അറിയിച്ചോടെയാണ് വിഷയത്തില്‍ കേന്ദ്രം നയം വ്യക്തമാക്കിയത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റില്‍ പട്ടികയില്‍പ്പെട്ടതാണ് ഈ അധികാരം എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. കേരളത്തിനും ബംഗാളിനും പുറമേ, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളാണ് നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നത്. നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സംസ്ഥാന സര്‍ക്കാറുകളുടെ വാദം.

സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജിയും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ മതേതര ശരീരത്തിനേറ്റ മുറിവ് എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് ബില്ലിനെ വിശേഷിപ്പിച്ചിരുന്നത്. ബില്‍ ഭരണഘടനാ വിരുദ്ധം എന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുക എന്നാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നത്.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സുപ്രിംകോടതിയില്‍ കക്ഷിചേരുമെന്നും കേരള സര്‍ക്കാരുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി വര്‍ഗീയ ബില്ലിനെതിരെ നിയമപരമായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു. സാധ്യമായ എല്ലാ വേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ആദ്യപടിയെന്നോണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്‌കാരികകലാസാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.

SHARE