തിരിവനന്തുപുരം: ഐക്യരാഷ്ട്ര സഭ മന്ത്രി കെ.കെ ശൈലജയെ ആദരിക്കുന്നു എന്ന വ്യാജ പ്രചാരണത്തിനു പിറകെ പുതിയൊരു അമളി കൂടി കേരള സര്‍ക്കാറിന്റെ പി.ആര് ടീമിന് സംഭവിച്ചു. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം കേരള മോഡലിനെ അഭിനന്ദിച്ചു എന്ന വാര്‍ത്തയാണ് വ്യാജമെന്നു തെളിഞ്ഞത്. പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപ്രായോഗികമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ പ്രായോഗികതയും കേവല ബുദ്ധിയും തിരിച്ചറിഞ്ഞപ്പോള്‍ അത്തരം നിബന്ധനകളില്‍ നിന്ന് പിന്നോട്ടു പോയത് നന്നായി എന്നാണ് കത്തിലുള്ളത്. അപ്രായോഗിക നിബന്ധനകളില്‍നിന്ന് കേരളം പിന്മാറിയ കാര്യം എംബസികളെ അറിയിക്കാമെന്നും പറയുന്നു.
കോവിഡ് പരിശോധന, ട്രൂ നാറ്റ് പരിശോധന, രോഗികള്‍ക്ക് പ്രത്യേക വിമാനം തുടങ്ങി പ്രവാസികളുടെ വരവ് മുടക്കാന്‍ കേരളം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളെല്ലാം കേന്ദ്രം തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഈ തീരുമാനങ്ങളില്‍നിന്ന് പിറകോട്ടു പോവുകയും പി.പി.ഇ കിറ്റ് ധരിച്ചു വന്നാല്‍ മതി എന്നു പറയുകയും ചെയ്തത്. ഇങ്ങനെ പ്രായോഗികമായി ചിന്തിച്ചത് നന്നായി എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേരളത്തെ അറിയിച്ചത്. ഇതിനെയാണ് അഭിനന്ദനമെന്ന മട്ടില്‍ ആഘോഷിച്ചത്. കോവിഡ് പ്രതിരോധത്തില്‍ 28ാം സ്ഥാനത്താണ് കേരളമെന്നും അത്രയും മോശം സംവിധാനത്തെ എങ്ങനെ അഭിനന്ദിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ചോദിച്ചു.