ജനങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ജീവിക്കാന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് യു.ഡി.എഫ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര ഭരണം പോലെ തന്നെ സംസ്ഥാന സര്‍ക്കാരും ജനദ്രോഹ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ ഡോ. എം.കെ മുനീര്‍ എം.എല്‍.എ നയിക്കുന്ന യു.ഡി.എഫ് മേഖലാ ജാഥയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലാ ജാഥ ഇന്നലെ മുതലക്കുളം മൈതാനിയില്‍ ജനതാദള്‍ (യു) സംസ്ഥാന പ്രസിഡണ്ട് എം.പി വീരേന്ദ്രകുമാര്‍ എം.പി #ാഗ് ഓഫ് ചെയ്തു.
അരിയും പണവും പണിയുമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തു പറഞ്ഞാലും അനങ്ങാതെ നില്‍ക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലും കേരളത്തിലും. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ ഉറ്റു നോക്കിയിരുന്നു. എന്നാല്‍ നല്ല നിലയില്‍ പോയിക്കൊണ്ടിരുന്ന സമ്പദ്ഘടനയെ ഇടിത്തീപോലെ കൊണ്ടുവന്ന പരിഷ്‌കാരത്തിലൂടെ തകര്‍ത്തിരിക്കുകയാണ്.
ഏകാധിപതിയെ പോലെ പെരുമാറുന്ന മോദി തന്റെ കീഴിലുള്ളമറ്റ് മന്ത്രിമാരുടെ അഭിപ്രായം പോലും സ്വീകരിക്കുന്നില്ല. മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാണിക്കാന്‍ മടി കാണിക്കാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നതിന് തെളിവാണ് ഇ അഹമ്മദിനോട് കാണിച്ച സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, വൈസ് പ്രസിഡണ്ട് സി മോയിന്‍കുട്ടി, സെക്രട്ടറിമാരായ എം.സി മായിന്‍ ഹാജി, ടി.പി.എം സാഹിര്‍, പി.എം.എ സലാം, എം.കെ രാഘവന്‍ എം.പി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍, ഡി.സി.സി പ്രസിഡണ്ട് അഡ്വ. ടി സിദ്ദീഖ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, എം.എ റസാഖ് മാസ്റ്റര്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, കെ.പി അനില്‍കുമാര്‍, കെ പ്രവീണ്‍കുമാര്‍, യു.സി രാമന്‍, സി.വി.എം വാണിമേല്‍, സി.പി ചെറിയ മുഹമ്മദ്, ആശിഖ് ചെലവൂര്‍ സംസാരിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി കുഞ്ഞാലി സ്വാഗതം പറഞ്ഞു. ഇന്നും നാളെയുമായി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ജാഥ സഞ്ചരിക്കും. തുടര്‍ന്ന് മലപ്പുറം, പാലക്കാട് ജില്ലകളിലായിരിക്കും ജാഥയുടെ പ്രയാണം. ജാഥാ ക്യാപറ്റന്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വൈസ് ക്യാപറ്റന്‍മാരായ കെ.പി കുഞ്ഞിക്കണ്ണന്‍, സി.എന്‍ വിജയകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

SHARE