ഭക്ഷണത്തിനു പിന്നാലെ മരുന്നിലും കേന്ദ്രം കൈവെക്കുന്നു; മരുന്നുകള്‍ വെജ് ആക്കാന്‍ പദ്ധതി, വില മൂന്നിരട്ടി കൂടും

ന്യൂഡല്‍ഹി: കശാപ്പ് നിയന്ത്രണത്തിനും അലങ്കാര മത്സ്യ നിരോധനനത്തിനും പിന്നാലെ ജീവന്‍ രക്ഷാ മരുന്നുകളിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. മൃഗാംശം അടങ്ങിയ ജെലാറ്റിന്‍ മരുന്നുകള്‍ക്കു പകരം സസ്യ ക്യാപ്‌സൂളുകള്‍ അവതരിപ്പിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. വനിതാ, ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ കമ്മിറ്റി രൂപീകരിച്ചത്. മരുന്നു കമ്പനികളില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടി കമ്മിറ്റി ജൂണ്‍ രണ്ടിന് കത്തയച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സസ്യഭക്ഷണം മാത്രം കഴിക്കുന്ന ജനവിഭാഗങ്ങളുടെ വികാരം വ്രണപ്പെടാതിരിക്കാന്‍ ജെലാറ്റിന്‍ മരുന്നുകള്‍ക്കു പകരം സസ്യ ക്യാപ്‌സൂളുകള്‍ നിര്‍മിക്കണമെന്നാണ് മനേക ഗാന്ധിയുടെ ആവശ്യം. നിര്‍ദേശം നടപ്പിലായാല്‍ മരുന്നുകള്‍ക്ക് രണ്ട് മുതല്‍ മൂന്നുവരെ ഇരട്ടി വില കൂടും.

നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ക്യാപ്‌സൂളുകളില്‍ 98 ശതമാനവും ജെലാറ്റിന്‍ നിര്‍മിതമാണ്. മൃഗങ്ങളുടെ കല, എല്ല്, തോല്‍ എന്നിവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ സിംഹഭാഗം മരുന്നു നിര്‍മാതാക്കളും ചെലവു കുറഞ്ഞ ഈ രീതി അവലംബിക്കുമ്പോള്‍ അസോസിയേറ്റഡ് ക്യാപ്‌സൂള്‍സ്, അമേരിക്കന്‍ കാപ്‌സുഗല്‍ എന്നിവ മാത്രമാണ് സസ്യാടിസ്ഥാനത്തിലുള്ള ക്യാപ്‌സൂളുകള്‍ നിര്‍മിക്കുന്നത്.

കോടിക്കണക്കിന് വെജിറ്റേറിയന്‍മാര്‍ താമസിക്കുന്ന രാജ്യത്ത് മൃഗങ്ങളില്‍ നിന്നുണ്ടാക്കുന്ന മരുന്നുകള്‍ അവരുടെ വികാരം വ്രണപ്പെടുത്തുമെന്നും ഇക്കാരണത്താല്‍ പലരും ഇത്തരം മരുന്നുകള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും കഴിഞ്ഞ വര്‍ഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡക്കയച്ച കത്തില്‍ മനേക പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ജൈനസമൂഹം പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ജെലാറ്റിന്‍ ക്യാപ്‌സൂളുകള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്നും മനേക കത്തില്‍ വ്യക്തമാക്കി. സസ്യ ക്യാപ്‌സൂളുകള്‍ സംബന്ധിച്ച് ജെ.പി നഡ്ഡ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ജി.എന്‍ സിംഗ്, ആരോഗ്യ സെക്രട്ടറി ഭാനു പ്രതാപ് ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തി.

സസ്യങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ക്യാപ്‌സൂളുകളില്‍ വെജിറ്റേറിയനെ സൂചിപ്പിക്കുന്ന പച്ച അടയാളം രേഖപ്പെടുത്തണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ മെയ് മാസത്തില്‍ ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് തള്ളിയിരുന്നു. ഭക്ഷണം പോലെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നതല്ല മരുന്നുകള്‍ എന്നും ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്ന പോലെ മരുന്നുകളെ വെജ്, നോണ്‍വെജ് എന്ന് വേര്‍തിരിക്കുന്നത് അബദ്ധമാണെന്നും ബോര്‍ഡ് വിലയിരുത്തി. ഈ വിദഗ്ധാഭിപ്രായം വകവെക്കാതെയാണ് മെയ് 24-ന് ആരോഗ്യ സെക്രട്ടറിയുടെ കീഴില്‍ യോഗം വിളിക്കുകയും ജെലാറ്റിനു പകരം സസ്യ ക്യാപ്‌സൂള്‍ എന്ന ആശയം ചര്‍ച്ച ചെയ്യുകയും ചെയ്തത്. പെട്ടെന്ന് ദഹിക്കുന്നതാണ് വെജ് ക്യാപ്‌സൂളുകള്‍ എന്ന് യോഗം വിലയിരുത്തി.

അതേസമയം, സസ്യാടിസ്ഥാനത്തിലുള്ള മരുന്നുല്‍പ്പാദനത്തിന് ജെലാറ്റിന്‍ മരുന്നുകളേക്കാള്‍ മൂന്നിരട്ടിയോളം ചെലവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാത്രവുമല്ല, ഇത് പൂര്‍ണാര്‍ത്ഥത്തില്‍ ഫലപ്രദമാണെന്ന് പറയാനും കഴിയില്ല. ലോകത്ത് ഒരു രാജ്യത്തും ആധുനിക മരുന്നുകളെ വെജ്, നോണ്‍വെജ് എന്ന് വേര്‍തിരിക്കുന്നില്ല.