താരാപൂര്‍: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തട്ടുകടയില്‍ കയറി പാവ്ഭജി കഴിക്കുന്ന രാഹുല്‍ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന ഗുജറാത്തില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന്‌കൊണ്ടാണ് രാഹുല്‍ ജനമനസ്സ് കീഴടക്കിയത്. താരാപൂരിലെ തട്ടുകടയില്‍ കയറിയാണ് രാഹുല്‍ പാവ്ഭജി കഴിച്ചത്. രാഹുലിനെ കണ്ടതോടെ ആളുകള്‍ തട്ടുകടയുടെ ചുറ്റും തടിച്ചുകൂടുകയായിരുന്നു. എഎന്‍ഐയാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇത്തവണയും ഗുജറാത്തില്‍ താന്‍ ചായക്കടയില്‍ ജോലി ചെയ്ത് വളര്‍ന്നുവന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സാധാരണക്കാരിലൊരുവനാണെന്ന മോദിയുടെ ആവര്‍ത്തിച്ചുള്ള പ്രഭാഷണങ്ങള്‍ ഗുജറാത്തില്‍ ഉയര്‍ന്നുകേള്‍ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി താഴേത്തട്ടിലുള്ള സാധാരണക്കാരുടെ ഇടയില്‍ ഇറങ്ങിച്ചെന്ന് പ്രചാരണം നടത്തുന്നത്.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഭരണ വിരുദ്ധ വികാരം മൂലം ശക്തമായി നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ശക്തമായി പ്രചാരണം നടത്തുന്ന ഇവിടെ പട്ടിദാര്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേലിന്റെയും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയുടെയും പരോക്ഷ പിന്തുണ കോണ്‍ഗ്രസിനുണ്ട്.
#WATCH Rahul Gandhi at a local 'Pav Bhaaji' stall in Tarapur #Gujarat pic.twitter.com/KGiPsqA8oK
— ANI (@ANI) December 8, 2017
ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോഴും കടുത്ത മത്സരമാണ് നടക്കുന്നതെന്ന വിലയിരുത്തലുമായി വിവിധ അഭിപ്രായ സര്‍വേകള്‍ രംഗത്തെത്തി. 22 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി നേരിടുന്നതായാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി അധികാരത്തില്‍ എത്തുമെങ്കിലും വോട്ടുബാങ്കില്‍ വന്‍ വിള്ളലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 182 അംഗ സഭയില്‍ 92 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവില്‍ 120 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 43 അംഗങ്ങളും. എ.ബി.പി ന്യൂസ് സി.എസ്.ഡി.എസ് സര്‍വേ പറയുന്നത് ബി.ജെ.പിക്ക് 91 മുതല്‍ 99 സീറ്റു വരെയേ ലഭിക്കൂ എന്നാണ്. കോണ്‍ഗ്രസിന്റെ സീറ്റു നില 78 മുതല്‍ 86 വരെയായി ഉയരുമെന്നും സര്‍വേ പറയുന്നു. നോട്ടുനിരോധനം, ജി.എസ്.ടി, പട്ടേല്‍ സംവരണം എന്നിവ ബി.ജെ.പിക്ക് തിരിച്ചടിയാകും. സെന്‍ട്രല്‍ ഗുജറാത്തിലും പട്ടേല്‍ ശക്തി കേന്ദ്രമായ സൗരാഷ്ട്രയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും സര്‍വേ പറയുന്നു.
Rahul Gandhi at a local 'Pav Bhaaji' stall in Tarapur #Gujarat pic.twitter.com/w3kI4NM8Qp
— ANI (@ANI) December 8, 2017
ബി.ജെ.പി അധികാരം നിലനിര്‍ത്തുമെങ്കിലും 150ല്‍ കൂടുതല്‍ സീറ്റു നേടുമെന്ന ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ പ്രവചനം അസാധ്യമാണെന്ന് ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ പറയുന്നു. 2012നെ അപേക്ഷിച്ച് കോണ്‍ഗ്രസിന് ഏഴു സീറ്റിന്റെ വര്‍ധനയാണ് ബി.ജെ.പി അനുകൂല നിലപാടിലൂടെ വിവാദങ്ങള്‍ അകപ്പെട്ട ടൈംസ് നൗ പ്രവചിക്കുന്നത്. ടി.വി 9 സി വോട്ടര്‍ സര്‍വേ പറയുന്നത് ബി.ജെ.പിക്ക് 109 സീറ്റും കോണ്‍ഗ്രസിന് 73 സീറ്റും ആണ്. സെന്‍ട്രല്‍ ഗുജറാത്തിലെ 36 സീറ്റുകളില്‍ 27 എണ്ണത്തിലും കോണ്‍ഗ്രസ് ജയിക്കുമെന്നും സര്‍വേ പറയുന്നു. സഹാറ- സി.എന്‍.എക്സ് അഭിപ്രായ സര്‍വേയും ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് പറയുന്നത്. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ടു വിഹിതത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്ന് എല്ലാ അഭിപ്രായ സര്‍വേകളും ഒരുപോലെ പ്രവചിക്കുന്നുണ്ട്. 40 മുതല്‍ 42 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബി.ജെ.പിയുടെ വോട്ടുവിഹിതം 43-45 ശതമാനമായി കുറയുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. 2012ലെ തെരഞ്ഞെടുപ്പില്‍ 64.28 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 32.42 ശതമാനവും.