എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ജയിപ്പിക്കും; സി.ബി.എസ്.ഇ


ന്യൂഡല്‍ഹി: ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ സി.ബി.എസ്.ഇ തീരുമാനം. ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലും പാഠ്യപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലും ക്ലാസ് കയറ്റം നല്‍കാനും തീരുമാനിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ക്ലാസ് കയറ്റത്തിന് അര്‍ഹത ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ പരീക്ഷയോ ഓണ്‍ലൈന്‍ പരീക്ഷയോ നടത്താനും നിര്‍ദേശമുണ്ട്.

സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ സൂചിപ്പിച്ചു.

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷ കോവിഡ് പശ്ചാത്തലത്തില്‍ തടസപ്പെട്ട സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ അനുയോജ്യമായ മറ്റൊരു സമയം പരിഗണിക്കുകയാണ്.

SHARE