പഠനഭാരം കുറക്കുന്നതിന്റെ മറവില്‍ പൗരത്വം, മതേതരത്വം, ജനാധിപത്യം തുടങ്ങിയ പാഠഭാഗങ്ങള്‍ സിബിഎസ്ഇ ഒഴിവാക്കി

ന്യൂഡല്‍ഹി: കോവിഡ് 19 പശ്ചാത്തലത്തില്‍ അധ്യായന ദിനങ്ങള്‍ കുറഞ്ഞതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘുകരിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നു. പ്ലസ് വണ്‍ ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് പൗരത്വം, മതേതരത്വം, ദേശീയത, തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കി.

പ്ലസ്ടു പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യയും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, ആസൂത്രണ കമ്മീഷന്‍, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, നോട്ട് നിരോധനം, ജിഎസ്ടി, പുത്തന്‍ സാമ്പത്തിക നയങ്ങള്‍, സമീന്ദാര്‍ സമ്പ്രദായം തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കി. പത്താം ക്ലാസില്‍ നിന്ന് ജനാധിപത്യത്തെ കുറിച്ചും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ സിലബസില്‍ 30 ശതമാനം വെട്ടിക്കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിശാങ്ക് പറഞ്ഞു. പഠനഭാരം കുറക്കുന്നതിന്റെ മറവില്‍ തങ്ങളുടെ അജണ്ടക്ക് വിരുദ്ധമായ ജനാധിപത്യം, മതേതരത്വം, പൗരത്വം തുടങ്ങിയ ആശയങ്ങള്‍ ആസൂത്രിതമായി ഒഴിവാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്ത് നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് മതനവീകരണ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കിയത്. ജവഹര്‍ലാല്‍ നെഹ്‌റു, മന്‍മോഹന്‍ സിങ് തുടങ്ങിയ മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ വിദ്യാര്‍ത്ഥികളിലെത്തുന്നത് തടയുന്നതിനാണ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ കുറിച്ചും പുത്തന്‍ സാമ്പത്തിക നയങ്ങളെക്കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയത്.

SHARE