ഡല്‍ഹി: കോവിഡ് മൂലമുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. എന്നാല്‍ പ്രധാനപാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസ്സിലാണ് കാര്യമായ വെട്ടിക്കുറയ്ക്കല്‍ നടത്തിയത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്കൂള്‍ സിലബസ് കാര്യമായി പരിഷ്കരിക്കാന്‍ ഒരുങ്ങുന്നത്.
സിബിഎസ്ഇ പാഠഭാഗങ്ങളില്‍ കാര്യമായ പരിഷ്കരണം വരുത്തണമെന്ന് നേരത്തേ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 16 മുതല്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിരുന്നു ഈ നടപടി. പിന്നീട് മാര്‍ച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് തവണ ഇത് നീട്ടുകയും പിന്നീട് അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുകയും ചെയ്തെങ്കിലും സ്കൂളുകളും കോളേജുകളും അടഞ്ഞുതന്നെ കിടക്കുകയാണ്.
ഈ സാഹചര്യത്തില്‍ ബാക്കി വന്ന പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. പുതുക്കിയ മൂല്യനിര്‍ണയത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. ഇത് സുപ്രീംകോടതി അംഗീകരിക്കുക കൂടി ചെയ്തതോടെ, ഫലം ജൂലൈ രണ്ടാം വാരത്തോടെ പുറത്തുവരുമെന്നതാണ് സൂചന.