സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ഹിമാചല്‍ പ്രദേശില്‍ നിന്നാണ് മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തത്. ഒരു അധ്യാപകനും രണ്ട് സ്‌കൂള്‍ ജീവനക്കാരുമാണ് അറസ്റ്റിലായതെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍പ്രദേശിലെ ഡി.എ.വി സ്‌കൂളിലെ സെന്റര്‍ സൂപ്രണ്ട് രാകേഷ്, ക്ലാര്‍ക്ക് അമിത്, പ്യൂണ്‍ അശോക് എന്നിവരാണ് അറസ്റ്റിലായത്.

ചോദ്യം ചെയ്യലിനായി മൂവരെയും ഡല്‍ഹിയിലെത്തിക്കും. ചോദ്യപേപ്പറിന്റെ കൈയെഴുത്ത് പ്രതിയാണ് ചോര്‍ന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് സി.ബി.എസ്.ഇ ഉദ്യോഗസ്ഥനെ സസ്‌പെന്റു ചെയ്യുകയും മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

SHARE