സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; പിന്നില്‍ ഡല്‍ഹി കേന്ദ്രമായ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടെന്ന് പൊലീസ്

ഇരുട്ടില്‍ തപ്പി ഡല്‍ഹി പൊലീസ്;  തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ, പത്താംക്ലാസ് കണക്കു പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടേയും ചോദ്യേപേപ്പര്‍ ചോര്‍ന്നതിനു പിന്നില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടെന്ന് പ്രാഥമിക വിവരം. ഡല്‍ഹി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കോച്ചിങ് സെന്റര്‍ ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
രാജേന്ദ്രനഗറില്‍ പ്രവര്‍ത്തിക്കുന്ന വിക്കി എന്ന സ്വകാര്യ കോച്ചിങ് സെന്റര്‍ വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കാണിച്ച് ക്രൈംബ്രാഞ്ചിന് മാര്‍ച്ച് 23ന് അജ്ഞാത കേന്ദ്രത്തില്‍നിന്ന് ഫാക്‌സ് സന്ദേശം ലഭിച്ചിരുന്നു. പൊലീസ് ഇത് അടുത്ത ദിവസം തന്നെ സി.ബി.എസ്.ഇ അധികൃതര്‍ക്ക് കൈമാറി. വിവരം സ്ഥിരീകരിച്ച സി.ബി.എസ്.ഇ അധികൃതര്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതി ഉടന്‍ തന്നെ വാട്‌സ് ആപ് വഴി പൊലീസിന് കൈമാറുകയായിരുന്നു.
ഇതിനിടെ ഇക്കണോമിക്‌സ് പരീക്ഷയിലെ മുഴുവന്‍ ചോദ്യങ്ങളുടേയും ഉത്തരം നാല് പേപ്പറുകളിലായി കൈപ്പടയില്‍ എഴുതിയതിന്റെ പകര്‍പ്പ് വിലാസം രേഖപ്പെടുത്താത്ത കത്തിന്റെ രൂപത്തില്‍ റോസ് അവന്യൂവിലുള്ള സി.ബി.എസ്.ഇഅക്കാദമിക് യൂണിറ്റില്‍ ലഭിച്ചതോടെ ചോര്‍ച്ച കൂടുതല്‍ സ്ഥിരപ്പെട്ടു.
പരാതി ലഭിച്ചതിനു പിന്നാലെ സി.ബി.എസ്.ഇ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സി.ബി.എസ്.ഇ ആസ്ഥാനത്ത് റെയ്ഡ് നടത്തുകയും ചെയ്തു. കോച്ചിങ് സെന്റര്‍ ഉടമയായ വിക്കിക്കു പുറമെ, വാട്‌സ് ആപ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടിയ പത്ത് വിദ്യാര്‍ത്ഥികളേയും കോച്ചിങ് സെന്ററിലെ അധ്യാപകരേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.

 

ഇരുട്ടില്‍ തപ്പി ഡല്‍ഹി പൊലീസ്;  തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് കണക്കു പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടേയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഇരുട്ടില്‍ തപ്പി ഡല്‍ഹി പൊലീസ്. 25 പേരെ ഇതിനകം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍നിന്നൊന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ചോദ്യപേപ്പര്‍ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ രാജിവെക്കണമെന്ന ആവശ്യവുമായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും രംഗത്തെത്തി.
ഇതിനിടെ രാജ്യവ്യാപകമായി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വിവരം പുറത്തുവന്നത് കേന്ദ്ര സര്‍ക്കാറിനെ കൂടുതല്‍ വെട്ടിലാക്കി. പൊലീസിനെയും ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം എവിടെനിന്ന് തുടങ്ങണമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്.
സി.ബി.എസ്.ഇ ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍, 11 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഏഴ് കോളജ് അധ്യാപകര്‍, നാല് സ്വകാര്യ കോച്ചിങ് സെന്റര്‍ അധ്യാപകര്‍, രണ്ട് സ്വകാര്യ വ്യക്തികള്‍ എന്നിവരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. ഇവരില്‍നിന്നു യാതൊരു തുമ്പും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ചുമതലയുള്ള ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍.പി ഉപാധ്യായ തന്നെ വ്യക്തമാക്കി. ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരീക്ഷക്കു മുമ്പു തന്നെ വാട്‌സ് ആപ് വഴി ചോദ്യപേപ്പര്‍ പങ്കു വെച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഡല്‍ഹി കേന്ദ്രമായാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന നിഗമനത്തിലായിരുന്നു ഇതുവരെ പൊലീസ്. രാജ്യവ്യാപകമായി ചോര്‍ന്നതായി സ്ഥിരീകരിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണ സംഘത്തെ അയക്കേണ്ടി വരുമെന്ന് ഉപാധ്യായ പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച നിര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രതികരണം. പരീക്ഷ വീണ്ടും നടത്താനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികളെ തെരുവില്‍ ഇറക്കിയതു കൊണ്ട് കുറ്റക്കാര്‍ രക്ഷപ്പെടില്ല. പുതിയ പരീക്ഷാ തിയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഗുരതരായ വീഴ്ചയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. വകുപ്പ് മന്ത്രിയേയും സി.ബി.എസ്.ഇ ചെയര്‍പേഴ്‌സണ്‍ അനിത കര്‍വാളിനെയും പുറത്താക്കണം. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.