ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവം. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കിയത് രാജ്യത്തെ പിടിച്ചുലക്കുന്ന ചര്‍ച്ചയാവുകയാണ്. പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രാജ്യത്താകമാനം പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.
വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വയതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കുന്നതിന് 144 പ്രഖ്യാപിച്ചത്.
അതിനിടെ രാജ്യത്ത് നടക്കുന്ന സര്‍വത്ര ചോര്‍ച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി.
ചോദ്യപേപ്പര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ് രാഹുല്‍ വീണ്ടും രംഗത്തെത്തിയത്. പരീക്ഷാര്‍ത്ഥികള്‍ക്കായി വന്‍ പ്രചാരത്തോടെ മോദി തന്നെ പുറത്തിറക്കിയ പുസ്തകത്തെ കൂട്ടുപിടിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.
PM wrote Exam Warriors, a book to teach students stress relief during exams.
Next up: Exam Warriors 2, a book to teach students & parents stress relief, once their lives are destroyed due to leaked exam papers. pic.twitter.com/YmSiY0w46b
— Rahul Gandhi (@RahulGandhi) March 30, 2018
‘പരീക്ഷ സമ്മര്‍ദം എങ്ങനെ മറികടക്കാമെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി എക്സാം വാരിയേഴ്സ് എന്ന പുസ്തകം എഴുതിയത്. അടുത്ത പുസ്തകം എക്സാം വാരിയേഴ്സ് 2 ആണ്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും എങ്ങനെ മറിക്കടക്കാം എന്നതിനുള്ള മാര്‍ഗങ്ങള്‍ അടങ്ങിയതാകും ഈ പുസ്തകം’, രാഹുല്‍ ട്വീറ്റ് ചെയ്തു.
ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് സര്‍വ്വത്ര ചോര്‍ച്ചകളാണെന്നും രാജ്യത്തിന്റെ കാവല്ക്കാരന് ദുര്‍ബലനായതിലാണ് ഇതെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു. എത്രയെത്ര ചോര്‍ച്ചകളാണെന്ന് ചോദിച്ച രാഹുല്‍ ചോര്‍ച്ചയുടെ പട്ടികയും ട്വീറ്റ് ചെയ്തു.
कितने लीक?
डेटा लीक !
आधार लीक !
SSC Exam लीक !
Election Date लीक !
CBSE पेपर्स लीक !हर चीज में लीक है
चौकीदार वीक है#BasEkAurSaal— Rahul Gandhi (@RahulGandhi) March 29, 2018
ഡാറ്റ ചോര്‍ന്നു, ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നു, കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതി ചോര്‍ന്നു, സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നു. കാവല്ക്കാരന് ദുര്‍ബലനായത് കൊണ്ടാണ് ചോര്‍ച്ചയുണ്ടാവുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിനെ ഒരു വര്‍ഷം കൂടി സഹിച്ചാല്‍ മതിയെന്ന ഹാഷ് ടാഗോട് കൂടിയാണ് രാഹുലിന്റെ ട്വീറ്റ്.
സി.ബി.എസ്.സി പത്താംക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ ഇകണോമിക്സ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നത് സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയതും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതും എല്ലാം മോദി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയെ പരിഹസിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്.
Delhi: Section 144 imposed near Prakash Javadekar’s residence on Kushak Road #CBSEPaperLeak pic.twitter.com/4m0HynasjT
— ANI (@ANI) March 30, 2018
അതേസമയം പ്രതിഷേധം ശക്തമായതോടെ മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ വീടിനും സി.ബി.എസ്.ഇ ഓഫീസിനും ഡല്‍ഹി പോലീസും ദ്രുതകര്‍മസേനയും ചേര്‍ന്ന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 144 പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പുകള് പ്രദര്‍ശിപ്പിച്ചതിന് പുറമെ പ്രദേശത്തെ റോഡുകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്.
അതിനിടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ പരീക്ഷകള്‍ വീണ്ടും നടത്താനുള്ള നീക്കത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പ്രകാശ് ജാവ്ദേക്കറിന് എന്‍.എസ്.യു.ഐ പരാതി നല്കി്. സംഭവത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.