സി.ബി.എസ്.ഇ പരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം; ഇല്ലെന്ന് ബോര്‍ഡ്

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. എന്നാല്‍, സംഭവം നിക്ഷേധിച്ച് സിബിഎസ്ഇ ബോര്‍ഡ് രംഗത്തെത്തി. ഇന്നലെ രാവിലെ 10.30നായിരുന്നു അക്കൗണ്ടന്‍സി പരീക്ഷ. ഈ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന ആരോപണവുമായി ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. വാട്‌സാപ്പിലൂടെ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി രക്ഷിതാക്കള്‍ പരാതി നല്‍കി.
ആരോപണത്തെ തുടര്‍ന്ന് സിബിഎസ്ഇ ബോര്‍ഡ് ഡല്‍ഹിയില്‍ അടിയന്തിര യോഗം വിളിച്ചു. യോഗത്തിന് ശേഷം ആരോപണം സിബിഎസ്ഇ നിക്ഷേധിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വളരെ സുരക്ഷിതമായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ വിശ്വാസ്യത മനപൂര്‍വം നശിപ്പിക്കണമെന്ന് താല്‍പര്യമുള്ളവരാണ് വാട്‌സ് ആപ്പിലൂടെ മറ്റും ഇത്തരം വ്യാജ പ്രചാരണം നടത്തുന്നതെന്നും ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

SHARE