ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ പദ്ധതിയിട്ടിരുന്നു: മുന്‍ ഡി.ഐ.ഡി വന്‍സാര

അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന പ്രതിയായ മുന്‍ ഡി.ഐ.ജി ഡി.ജി വന്‍സാര നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് മോദിയെയും ഷായെയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ നീക്കം നടത്തിയ കാര്യം പ്രതിപാദിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ സംഘത്തിന്റെ തലവനായ വന്‍സാര നിലവില്‍ ജാമ്യത്തില്‍ പുറത്താണ്. ഇദ്ദേഹത്തിന്റെ വിടുതല്‍ ഹര്‍ജിയെ സി.ബി.ഐ എതിര്‍ത്തു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2004ലാണ് ഇസ്രത്ത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്നിവരടക്കം നാലുപേരെ വന്‍സാരയുടെ നേതൃത്വത്തിലുള്ള പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുന്നത്. മോദിയെ കൊലപ്പെടുത്താന്‍ വന്ന ലഷ്‌കര്‍ തീവ്രവാദികളാണെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ പിന്നീട് പ്രത്യേകാന്വേഷണ സംഘവും സി.ബി.ഐയും നടത്തിയ അന്വേഷണത്തില്‍ ‘ഏറ്റുമുട്ടല്‍’ വ്യാജമാണെന്ന് തെളിയുകയും വന്‍സാരയടക്കമുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുകയും ചെയ്തു.

മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അറിവോടെയായിരുന്നു കൊലപാതകം എന്ന് തുടക്കം മുതല്‍ക്കു തന്നെ ആരോപണമുയര്‍ന്നിരുന്നു. അന്വേഷണ സമയത്ത് ഇരുവരുടേയും പങ്ക് വ്യക്തമാക്കുന്ന കണ്ടെത്തലുകള്‍ സി.ബി.ഐ തന്നെ മുന്നോട്ട് വെച്ചിരുന്നു. അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്നതിന് പതിനാല് മണിക്കൂറുകള്‍ മുമ്പ് ഗുജറാത്ത് പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് എന്നു പേരെടുത്ത വന്‍സാര മോദിയുമായും ഷായുമായും ബന്ധപ്പെട്ടുവെന്ന വിവരവും സി.ബി.ഐക്കു ലഭിച്ചിരുന്നു.

പത്തു വര്‍ഷത്തിനു ശേഷം 2014ലാണ് അമിത് ഷായ്ക്ക് ഇഷ്രത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ പങ്കില്ലെന്ന് കാട്ടി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച വന്‍സാരെയുടെ വിടുതല്‍ ഹര്‍ജിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സിബിഐ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നില്ല എന്നാണ് വന്‍സാരെയുടെ വെളിപ്പെടുത്തല്‍. മോദിയെ കേസന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ രഹസ്യമായി ചോദ്യം ചെയ്തിരുന്നതായി നേരത്തെ വന്‍സാര വെളിപ്പെടുത്തിയിരുന്നു.

അതേസമയം മോദിയെ ചോദ്യം ചെയ്തതിന്റെ രേഖകള്‍ എവിടെയുമില്ലെന്നും ഇഷ്രത്ത് ജഹാന്‍ കേസിലെ എല്ലാ രേഖകളും വ്യാജമാണെന്നതിന് തെളിവാണ് അതെന്നും വന്‍സാര ആരോപിച്ചിരുന്നു. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പൊലീസിനൊപ്പം മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ പൊലീസിനും പങ്കുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.