റാഫേല്‍ അഴിമതിയില്‍ നിന്നും തലയൂരാന്‍ മോദി സര്‍ക്കാര്‍ സി.ബി.ഐയെ തകര്‍ക്കുന്നു: രമേശ് ചെന്നിത്തല

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കാനും അതുവഴി തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയെയും ഒറ്റ രാത്രി കൊണ്ട് നീക്കിയതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ കള്ളക്കളികളെയും വന്‍ അഴിമതിയെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സി.ബി.ഐ ഡയറക്ടര്‍ അലോക വര്‍മ്മയുടെ പക്കല്‍ ഉണ്ടായിരുന്നത് കേന്ദ്ര സര്‍ക്കാരിനെ ഭയപ്പെടുത്തിയിരുന്നു എന്നാണറിയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അലോക് വര്‍മ്മയെ പുകച്ച് പുറത്ത് ചാടിക്കാന്‍ തക്കം പാര്‍ത്തിരുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് കൈക്കൂലി കേസുമായി ബന്ധപ്പെട്ടു സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ എടുത്ത നടപടി ഒരായുധമായി മാറുകയായിരുന്നു.

ഒറ്റ രാത്രികൊണ്ട് തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും അതോടൊപ്പം പതിമൂന്ന് ഉന്നത ഉദ്യേഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്ത നടപടി ഞെട്ടിപ്പിക്കുന്നതാണ്. ഭരണഘടനാ വിരുദ്ധമായ ഒരട്ടിമറിയാണ് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയില്‍ നടത്തിയത്. ഇതു സി.ബി.ഐയെ പരിപൂര്‍ണ്ണമായി തകര്‍ക്കും.

റാഫേല്‍ കേസില്‍ ബി.ജെ.പി നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ സി.ബി.ഐ ശേഖരിച്ചത് കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നിരവധി സുപ്രധാനമായ കേസുകളുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ സി.ബി.ഐയുടെ പക്കലുണ്ടെന്നതാണ് ഇത്തരമൊരു സംഭവവികാസത്തിലേക്ക് നയിച്ചതെന്ന് അലോക് വര്‍മ്മ സുപ്രിം കോടതിയില്‍ നല്‍കിയ പെറ്റീഷനില്‍ പറയുന്നുണ്ട്. റാഫേല്‍ അഴിമതി പുറത്താകുമോ എന്ന ഭയമാണ് സി.ബി.ഐക്കെതിരെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.