ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കും. മരണ സംബന്ധിച്ചുള്ള അന്വേഷണ ശുപാര്‍ശ തമിഴ്‌നാട് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും സര്‍ക്കാരിനെ സമീപിച്ചതും സര്‍ക്കാറിന്റെ തീരുമാനത്തിന് പിന്നില്‍.
മകളുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന പിതാവ് ലത്തീഫിന്റെ ആവശ്യത്തിന് ഇതോടെ ഉത്തരമായിരിക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം നടത്തിക്കൂടേയെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സെന്‍ട്രല്‍ െ്രെകംബ്രാഞ്ചിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ മറുപടി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി അടുത്ത മാസം 22 നകം റിപ്പോര്‍ട്ടായി കോടതിയില്‍ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസിക വ്യഥ കണക്കിലെടുത്തു കൂടിയാണു നിര്‍ദേശമെന്നു കോടതി പറഞ്ഞു.