ഡല്‍ഹി: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ രേഖാമൂലം വാദങ്ങള്‍ സമര്‍പ്പിച്ചു. സുശാന്ത് സിംഗിന്റെ മരണത്തില്‍ മഹാരാഷ്ട്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബീഹാര്‍ പൊലീസ് മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 56 പേരുടെ മൊഴി രേഖപ്പെടുത്തി എന്നത് കേസെടുക്കുന്നതിന് തുല്യമല്ലെന്ന് സിബിഐ വിശദീകരിക്കുന്നു.
കേസിന്റെ അന്വേഷണം ബീഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തി നല്‍കിയ കേസിലാണ് സിബിഐ വാദങ്ങള്‍ രേഖാമൂലം നല്‍കി. ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമാണെന്നും കേസ് സിബിഐക്ക് വിടേണ്ടതില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദങ്ങളില്‍ പറയുന്നു. കേസില്‍ എല്ലാ കക്ഷിക്കാരോടും വാദങ്ങള്‍ രേഖാമൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. സമാനമായ വാദങ്ങള്‍ തന്നെയാണ് റിയ ചക്രവര്‍ത്തിയും രേഖാമൂലം നല്‍കിയിരിക്കുന്നത്.