ഉന്നാവോ ബലാത്സംഗക്കേസ്: ഇന്ത്യാഗേറ്റില്‍ രാഹുലും പ്രിയങ്കയും പുലര്‍ച്ചെ വരെ; ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്തു

ലഖ്‌നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നടപടി. കത്വ, ഉന്നാവോ പീഡനക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്നലെ അര്‍ദ്ധരാത്രി ഇന്ത്യാഗേറ്റിലേക്ക് മെഴുകുതിരികള്‍ തെളിച്ച് പിടിച്ച് മാര്‍ച്ച് നടത്തി. നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തിയത്. പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ രാഷ്ട്രീയ വിഷയമല്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇത് ദേശീയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. പുലര്‍ച്ചെ ഒന്നരവരെ രാഹുലും പ്രിയങ്കയും ഇന്ത്യാഗേറ്റില്‍ കുത്തിയിരുന്നു.

എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഇന്ത്യ ഗേറ്റിലേക്ക് എത്തുന്നത് തടയാന്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്തെങ്കിലും ഇത് മറികടന്ന് പ്രവര്‍ത്തകര്‍ അമര്‍ ജവാന്‍ ജ്യോതി വരെയെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, അംബികാസോണി, അശോക് ഖേലോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.