ബിജെപിയുടെ കുതിരക്കച്ചവടത്തിന് ഗെഹ്ലോട്ടിന്റെ തിരിച്ചടി; രാജസ്ഥാനില്‍ സിബിഐക്ക് വിലക്കേര്‍പ്പെടുത്തി

ജയ്പൂര്‍: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ തിരിച്ചടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിബിഐ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് അദ്ദേഹം ഉത്തരവിട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് അന്വേഷണമോ പരിശോധനകളോ നടത്താന്‍ സിബിഐക്ക് സാധിക്കില്ല എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 30 വര്‍ഷം പഴക്കമുള്ള നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തും ബിജെപി നേതാവ് സഞ്ജയ് ജെയിനും ചേര്‍ന്ന് വിമത എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തതിന്റെ ഫോണ്‍സംഭാഷണം പുറത്തുവന്നത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം സിബിഐ അന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. ഇതോടെ കേസ് അട്ടിമറിക്കുമെന്ന നില വന്നപ്പോഴാണ് ഗെഹ്‌ലോട്ടിന്റെ നീക്കം.

അതിനിടെ, മുഖ്യമന്ത്രി ഗെലോട്ടിന്റെ ഒഎസ്ഡി ദേവറാം സേനിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. പൊലിസ് ഓഫീസര്‍ വിഷ്ണുദത്ത് വിഷ്‌ണോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ രാഷ്ട്രീയപ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയെ ചോദ്യം ചെയ്യുന്നത് മറ്റുലക്ഷ്യങ്ങളോടെയാണെന്നാണ് ഗെഹ്‌ലോട്ട് പക്ഷം ആരോപിക്കുന്നു.

SHARE