സവാളയില്ലാതെ ബിരിയാണി വെച്ച് കാറ്ററിങ്ങുകാരുടെ പ്രതിഷേധം

കൊച്ചി: സവാളയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധം തീർത്ത് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ). സവാളയില്ലാതെ ബിരിയാണിയുണ്ടാക്കിയാണ് അസോ. സംസ്​ഥാന കമ്മിറ്റിയും ജില്ല കമ്മിറ്റിയും ചേർന്ന് കൊച്ചി  മറൈന്‍ ഡ്രൈവില്‍ രാപകല്‍ പ്രതിഷേധജ്വാല വേറിട്ടതാക്കിയത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അസോ. അംഗങ്ങള്‍ അണിനിരന്ന പ്രതിഷേധജ്വാല ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബിരിയാണി പാചകത്തി​ന്‍റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എല്‍.എയും ഹൈബി ഈഡന്‍ എം.പിയും ചേർന്ന്​ നിര്‍വഹിച്ചു. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.ജെ. മാക്‌സി, സിനിമ താരം ആലപ്പി അഷറഫ്, എ.കെ.സി.എ സംസ്​ഥാന പ്രസിഡൻറ്​ പ്രിന്‍സ് ജോര്‍ജ്, ജില്ല പ്രസിഡൻറ്​ വി.കെ. വര്‍ഗീസ്, ജില്ല വര്‍ക്കിങ്​ പ്രസിഡൻറ്​ ജിബി പീറ്റര്‍, സംസ്​ഥാന വര്‍ക്കിങ്​ സെക്രട്ടറി റോബിന്‍ കെ. പോള്‍ തുടങ്ങിയവർ സംസാരിച്ചു.

SHARE