ബ്രിട്ടനില്‍ പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്ത് പൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ ആദ്യമായിട്ടാണ് വളര്‍ത്ത് മൃഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ലഭ്യമായ എല്ലാ വിവരങ്ങളും തെളിയിക്കുന്നതെന്ന് പൂച്ചയ്ക്ക് അതിന്റെ ഉടമയില്‍ നിന്നാണ് കൊവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ാേകാവിഡ് സ്ഥിരീകരിച്ച ഉടമയും പൂച്ചയും പൂര്‍ണമായി സുഖം പ്രാപിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ നിന്ന് വീട്ടിലെ മറ്റാളുകള്‍ക്കോ മൃഗങ്ങള്‍ക്കോ കോവിഡ് പടര്‍ന്നിട്ടില്ലെന്നും വ്യക്തിയുടെ പേരുവിവരം വ്യക്തമാക്കാതെ മന്ത്രാലയം പറഞ്ഞു. ‘യുകെയില്‍ കോവിഡ് 19 ഒരു വളര്‍ത്തുമൃഗത്തില്‍ പോസിറ്റീവ് ആകുന്ന ആദ്യ സംഭവമാണിത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ല,’ ഇംഗ്ലണ്ടിലെ പബ്ലിക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ യൊവോണ്‍ ഡോയ്ല്‍ പറഞ്ഞു.

ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പൂച്ചകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമെന്നതിന് തെളിവുകളില്ലെന്നും ഡോയ്ല്‍ വ്യക്തമാക്കി. ‘ഇത് വളരെ അപൂര്‍വമായ സംഭവമാണ്, രോഗം ബാധിച്ച മൃഗങ്ങളില്‍ ക്ലിനിക്കല്‍ അടയാളങ്ങള്‍ കാണിക്കുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുകയും ചെയ്യുന്നു.’ അധികൃതര്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ പ്രതികരിച്ച ലോകാരോഗ്യ സംഘടന പൂച്ചയില്‍ നിന്ന് മനുഷ്യന് അണുബാധയുണ്ടാകാനുള്ള സാധ്യത അന്വേഷിക്കുമെന്ന് പറഞ്ഞു. വളര്‍ത്തുമൃഗങ്ങളില്‍ അപകടസാധ്യത കുറച്ച് മാത്രമേയുള്ളൂവെന്നും ഡബ്ല്യൂഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞന്‍ പറഞ്ഞു.

SHARE