നോട്ട് ക്ഷാമം രൂക്ഷമാവുന്നു; 70,000 കോടിയുടെ കുറവെന്ന് എസ്.ബി.ഐ

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന കടുത്ത നോട്ട് ക്ഷാമം തീരാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്നാണ് പല ഉദ്യോഗസ്ഥരും നല്‍കുന്ന വിശദീകരണം. അതേ സമയം ഇക്കാര്യത്തി ല്‍ കൃത്യമായ വിശദീകരണം നല്‍കാതെ ആര്‍.ബി.ഐ മൗനം തുടരുകയാണ്. ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാറും നോട്ട് ക്ഷാമമില്ലെന്ന് പറയുമ്പോഴും രാജ്യത്ത് 70,000 കോടി രൂപയുടെ കറന്‍സി ക്ഷാമമുണ്ടെന്നാണ് എസ്. ബി. ഐ ഗവേഷണ വിഭാഗം പറയുന്നത്. എ. ടി. എം വഴി ഒരു മാസം പിന്‍വലിക്കുന്ന തുകയുടെ മൂന്നിലൊന്നാണിത്.

2018 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എ.ടി.എം ഉപയോഗത്തില്‍ 12.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും എസ്.ബി.ഐ പറയുന്നു. 200 രൂപയുടെ നോട്ടുകള്‍ കൊണ്ടുവന്നതും ഇതിന്റെ പ്രിന്റിങ് വര്‍ധിപ്പിച്ചതും നോട്ട് ക്ഷാമത്തിന് കാരണമായതായും എസ്.ബി.ഐ ഗവേഷണ വിഭാഗം പറയുന്നു. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം സാധാരണ ജീവിതത്തെ ഏറെ രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളുള്‍പ്പെടെയുള്ളവര്‍ക്ക് കറന്‍സി ലഭ്യതയെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഏപ്രില്‍ 11 മുതല്‍ ആര്‍.ബി.ഐ 2,000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ക്ക് വിതരണം ചെയ്യുന്നത് കുറച്ചതാണ് നോട്ട് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. 2,000 രൂപയുടെ നോട്ടുകള്‍ കിട്ടാതായതോടെ എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ വേണ്ട രീതിയില്‍ കഴിയുന്നില്ലെന്നാണ് എ.ടി.എം മാനേജ്‌മെന്റ് കമ്പനികള്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന് 500 രൂപയുടെ കറന്‍സി നോട്ടിന്റെ അച്ചടി കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. നിലവില്‍ 500 കോടിയുടെ നോട്ടാണ് പ്രതിദിനം അച്ചടിക്കുന്നത്. കേരളത്തില്‍ ഇത് രൂക്ഷമായിട്ടില്ലെങ്കിലും 2000 രൂപ നോട്ടിന് ക്ഷാമം നേരിടുന്നുണ്ട്. മിക്ക എ ടി എമ്മുകളിലും 100,500 രൂപയുടെ നോട്ടാണ് ലഭിക്കുന്നത്.