ക്വാലാലംപൂര്‍: ക്വറന്റീന്‍ ലംഘിച്ചതിന് പിടിയിലായ ഇന്ത്യക്കാരനില്‍നിന്ന് മലേഷ്യയില്‍ നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ക്ക് അഞ്ചുമാസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് 14 ദിവസത്തെ നിര്‍ബന്ധിത ക്വറന്റീന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചതിന് 57കാരന് പിടിയിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി അഞ്ചുമാസത്തേക്ക് ജയിലില്‍ അടയ്ക്കുകയായിരുന്നു.
മലേഷ്യയിലെ വടക്കന്‍ സംസ്ഥാനമായ കെഡയില് റെസ്റ്റോറന്റ് നടത്തിവരുന്ന ഇദ്ദേഹം ക്വറന്റീനിലിരിക്കെ പുറത്തിറങ്ങിയതിന് അറസ്റ്റിലായിരുന്നു. അലോര്‍ സെതാര്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് 12,000 റിംഗിറ്റ് (8 2,864) പിഴ ചുമത്തുകയും. പ്രതി ചികിത്സയിലായിരുന്ന കെഡ ആശുപത്രി മുറിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി പ്രത്യേക വാദം കേട്ടത്.
ക്വറന്റീനിലിരിക്കെ നടത്തിയ ആദ്യ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെയാണ് ഇയാള്‍ സ്വന്തം റെസ്റ്റോറന്റില്‍ പോകാനായി പുറത്തിറങ്ങിയത്. ഈ സമയം ക്വറന്റീന്‍ കാലവധിയായ 14 ദിവസം പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ഇതിനിടെ നടത്തിയ രണ്ടാമത്തെ പരിശോധന പോസിറ്റീവ് ആയതിന് പിന്നാലെ ഇയാളുടെ കുടുംബാംഗങ്ങള്‍, റെസ്റ്റോറന്റ് തൊഴിലാളികള്‍, ഉപഭോക്താക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി ആളുകള്‍ രോഗബാധിതരാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഇയാളില്‍നിന്ന് കുറഞ്ഞത് മൂന്ന് മലേഷ്യന്‍ സംസ്ഥാനങ്ങളിലായി 45 കേസുകള്‍ ഒരു ക്ലസ്റ്ററില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.