ഒടുവില്‍ രക്ഷിതാക്കള്‍ പ്രതികളാകുന്നു; കിം പരീക്ഷയ്ക്ക് മക്കളുമായി എത്തിയ 600 പേര്‍ക്കെതിരെ കേസ് – വിചിത്രം!

തിരുവനന്തപുരം: കോവിഡ് വകവയ്ക്കാതെ കെ.ഇ.എ.എം (കീം) എന്‍ട്രന്‍സ് പരീക്ഷ നടത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ, വിചിത്ര തീരുമാനവുമായി പൊലീസ്. പരീക്ഷാ കേന്ദ്രത്തിലേക്ക് മക്കളുമായി എത്തിയ അറുനൂറ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്താണ് പൊലീസ് അടുത്ത വിവാദത്തിന് തിരി കൊളുത്തിയത്. രക്ഷിതാക്കള്‍ക്കെതിരെ മ്യൂസിയം, മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സാമൂഹിക അകലം പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മ്യൂസിയം സ്റ്റേഷന്‍ പരിധിയിലെ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂള്‍, മെഡിക്കല്‍ കോളജ് സ്‌റ്റേഷന്‍ പരിധിയിലെ പട്ടം സെന്റ് മേരീസ് സ്‌കൂള്‍ എന്നിവയ്ക്ക മുമ്പില്‍ നിന്ന രക്ഷിതാക്കളെയാണ് ‘ബലിയാടാക്കുന്നത്’. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും രക്ഷിതാക്കള്‍ കൂട്ടംകൂടുന്നത് തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കീം പരീക്ഷ. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കം വന്‍ ആള്‍ക്കൂട്ടമാണ് പരീക്ഷാ വേളയില്‍ സ്‌കൂളുകള്‍ക്ക് മുമ്പിലുണ്ടായിരുന്നത്.

SHARE