റിയാലിറ്റിഷോ താരത്തെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ ഒരുമിച്ചു കൂടിയവര്‍ക്കെതിരെ കേസ്

റിയാലിറ്റി ഷോ താരത്തെ വരവേല്‍ക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസ്. കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എണ്‍പതോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കേസ്.

സംസ്ഥാനത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാജ്യം കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അല്‍പ്പം പോലും വില കല്‍പ്പിക്കാത്ത ഈ നീക്കത്തെ തള്ളി നിരവധി പേരാണ് രംഗത്തെത്തിയത്.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ താരമായ രജിത് കുമാറിനെ സ്വീകരിക്കാനായിരുന്നു നൂറുകണക്കിന് പേര്‍ വിമാനത്താവളത്തില്‍ എത്തിയത്. ശനിയാഴ്ചയാണ് രജിത് എപ്പിസോഡില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

SHARE