മുസ്‌ലിം വിരുദ്ധ പ്രസ്താവന : ശ്രീ ശ്രീ രവിശങ്കറിനെതിരെ കേസെടുത്തു

ഹൈദരാബാദ്: മുസ്‌ലിംകള്‍ക്കെതിരെ പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ജീവന കലയുടെ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തു. അയോധ്യ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുന്ന പ്രസ്താവനയാണ് ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയത്. ഹൈദരാബാദിലെ മൊഗാല്‍പുര പൊലീസാണ് കേസെടുത്തിരിക്കുന്നത്. അയോധ്യ കേസില്‍ ക്ഷേത്രത്തിനെതിരായി വിധി ഉണ്ടായാല്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നു.

ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീ ശ്രീ വിവാദ പരാമര്‍ശം നടത്തിയത്. മുസ്‌ലിംകള്‍ അയോധ്യ്ക്ക് മേലുളള അവകാശവാദം ഉപേക്ഷിക്കണം. അയോധ്യ മുസ്‌ലിംകളുടെ വിശ്വാസത്തിന് വേണ്ടിയുളള സ്ഥലമല്ലെന്നും നല്ല രീതിയില്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വളരെ നല്ല രീതിയില്‍ തന്നെ മുസ്‌ലിംകള്‍ അയോധ്യ്ക്ക് മേലുളള അവകാശവാദം ഉപേക്ഷിക്കണം. അയോധ്യ എന്ന് പറയുന്നത് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുളള ഇടമല്ല. അത് മനസ്സിലാക്കി പെരുമാറണം. ഇല്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറും’ രവിശങ്കര്‍ വ്യക്തമാക്കി.