കൊറോണ ബാധ സ്ഥിരീകരിച്ച ഗായിക കനികക്കെതിരെ കേസ്; 96 എം.പിമാര്‍ ഭീതിയില്‍

കൊറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ കേസ്. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് ലംഘിച്ചതിനാണ് കേസ്. കനിക സമ്പര്‍ക്കം പുലര്‍ത്തിയ ബിജെപി എംപി ദുഷ്യന്ത് സിങ്ങുമായി ഇടപഴകിയതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പൊതു പരിപാടികളെല്ലാം റദ്ദാക്കി. രാഷ്ട്രപതി കോവിഡ് പരിശോധനയ്ക്കായി ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുഷ്യന്ത് സിങ്ങുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദും നിരവധി എംപിമാരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനു ശേഷം ലക്‌നൗവില്‍ ഇന്റീരിയര്‍ ഡിസൈനറായ ആദില്‍ അഹമ്മദ് സംഘടിപ്പിച്ച പാര്‍ട്ടിയിലും പങ്കെടുത്തു.
ഈ പാര്‍ട്ടിയില്‍ ബിജെപി നേതാവ് വസുന്ധര രാജെയും മകനും എംപിയുമായ ദുഷ്യന്ത് സിങ്ങും പങ്കെടുത്തിരുന്നു. ഇരുവരും ക്വാറന്റീനില്‍ പ്രവേശിച്ചു. മുന്‍കരുതലെന്ന നിലക്ക് താനും മകനും ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് വസുന്ധര ട്വീറ്റ് ചെയ്തു. കനിക സംബന്ധിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തതിനു പിന്നാലെ ദുഷ്യന്ത് സിങ്ങ് പാര്‍ലമെന്റിലും സെന്‍ട്രല്‍ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. രണ്ടു ദിവസം മുന്‍പു രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദുഷ്യന്ത് സിങ്ങിനൊപ്പം നിരവധി എംപിമാര്‍ പ്രഭാതഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു.

SHARE