സെന്‍കുമാറിന്റെ മോശം പരാമര്‍ശം; മാധ്യമപ്രവര്‍ത്തകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയ കേസില്‍ മാധ്യമപ്രവര്‍ത്തകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സമകാലിക മലയാളം വാരികക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് സെന്‍കുമാര്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. വാരികയുടെ ലേഖകന്‍ റംഷാദിന്റെ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നു രേഖപ്പെടുത്തുക.
മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച് സെന്‍കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ അന്വേഷണം. വാരികയുടെ അഭിമുഖത്തിനിടെ വന്ന ഫോണ്‍ കോളിലാണ് സെന്‍കുമാര്‍ നടിക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയത്. എന്നാല്‍ പരാമര്‍ശം പ്രസിദ്ധീകരിച്ചിരുന്നില്ല. അഭിമുഖം വിവാദമായതോടെ വാരികയുടെ പത്രാധിപര്‍ ഡിജിപിക്ക് നല്‍കിയ വിശകീരണ കത്തില്‍ നടിക്കെതിരായ മോശം പരാമര്‍ശവും ഉള്‍പ്പെടുത്തിയിരുന്നു. അഭിമുഖം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണും പൊലീസിനു മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.

SHARE