റാഞ്ചി: 15 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും വഞ്ചനാക്കുറ്റത്തിന് കേസ്. റാഞ്ചിയിലെ ജില്ലാ കോടതിയാണ് മോദിയുടെയും അമിത് ഷായുടെയും സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ചുള്ള പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചത്. മൂന്നാം പ്രതിയാട്ടുള്ളത് മന്ത്രി രാംദാസ് അത്തേവാലെയാണ്.
അഭിഭാഷകനായ എച്ച്.കെ സിങ്ങാണ് ഇവര്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. മോദിയും അമിത് ഷായും അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ വീതം ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചെന്നും പരാതിയില്‍ പറയുന്നു. ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകനാണ് എച്ച്.കെ സിങ്. വഞ്ചനാകുറ്റത്തിന് ഐ.പി.സി 415, സത്യസന്ധതയില്ലായ്മ 420, 123(ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിച്ചിട്ടുണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം അതായിരുന്നു. അദ്ദേഹമത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താമെങ്കില്‍ എന്തുകൊണ്ടാണ് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടാന്‍ കഴിയാത്തത്? തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേ. എച്ച്.കെ സിങ് ചോദിച്ചു. കേസ് മാര്‍ച്ച് 2ന് വീണ്ടും പരിഗണിക്കും.