നാട്ടിലേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ്

കര്‍ണാടകയില്‍ ലോക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിച്ചതിന് രണ്ടു പേര്‍ക്കെതിരെ കേസ്. കെട്ടിട നിര്‍മാതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസ് കൊടുത്തത്. സ്വരാജ് അഭിയാന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ കലീമുള്ള, സിയ നോമാനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴിലാളികളെ പ്രകോപിപ്പിക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്ന് കാണിച്ചാണ് കെട്ടിട നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയത്.

ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ബിഎല്‍ കശ്യപ് ലേബര്‍ ക്യാംപിലെ നിര്‍മാണത്തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നതായി നൊമാനി പറഞ്ഞു. സ്വന്തം ഗ്രാമങ്ങളിലേക്ക് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ടെന്ന് തൊഴിലാളികള്‍ അറിഞ്ഞപ്പോള്‍ അവര്‍ തിരികെ പോകാന്‍ ആഗ്രഹിച്ചപ്പോള്‍ സേവാ സിന്ധു ആപ്പ് വഴി റജിസ്റ്റര്‍ ചെയ്യുന്നതിന് അവരെ സഹായിക്കുകായായിരുന്നെന്നും എന്നാല്‍ ഞങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ്് അറിയിച്ചപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചതിനാല്‍ നൊമാനിയെയും കലീമുള്ളയെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പൊലീസിന് കഴിഞ്ഞില്ല.

SHARE