സെന്‍കുമാറിനെതിരെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. പി.ജി സുരേഷ്‌കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് കന്‍ോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

ഗൂഢോലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പ്രതികള്‍ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സെന്‍കുമാറിന്റെ പരാതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ അനുമതിയോടെയാണ് കേസ്.

തിരുവനന്തപുരത്ത് വെച്ചുനടന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ടി.പി സെന്‍കുമാര്‍ തട്ടിക്കയറിയിരുന്നു. ഈ സംഭവത്തില്‍ ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നു.

സെന്‍കുമാര്‍, സുഭാഷ് വാസു എന്നിവര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. എസ്.എന്‍.ഡി.പിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ ടി.പി സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായിരുന്നു.

രമേശ് ചെന്നിത്തലയുമായുള്ള തര്‍ക്കത്തെ കുറിച്ചും ഡി.ജി.പി ആയിരുന്നപ്പോള്‍ വെള്ളാപള്ളിക്കെതിരെ അന്വേഷിച്ച് കേസെടുക്കാതിരുന്നത് എന്തുകൊണ്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് സെന്‍കുമാര്‍ കയര്‍ത്തു സംസാരിച്ചത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും സെന്‍കുമാര്‍ തിരിച്ചുചോദിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ പുറത്താക്കാനും ആവശ്യപ്പെട്ടു.

SHARE