കീം പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കീം എന്‍ട്രന്‍സ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കണ്ടാലറിയാവുന്ന രക്ഷിതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് കേസെടുത്തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു.

ഈ രണ്ടു സ്‌റ്റേഷന്‍ പരിധിയിലുള്ള കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും മുന്നൂറിലധികംപേര്‍ കൂട്ടംകൂടിയെന്നാണു പൊലീസ് പറയുന്നത്. പരീക്ഷയ്‌ക്കെത്തിയ അഞ്ചു വിദ്യാര്‍ഥികള്‍ക്കും കൂടെയെത്തിയ ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് തീരുമാനം. ഈ മാസം 16നാണ് പരീക്ഷ നടന്നത്. 80,000 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നു രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

SHARE