വിജയരാഘവന്റെ രമ്യ ഹരിദാസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശം: ഐ.ജി അന്വേഷിക്കും; മൊഴി ഇന്നെടുക്കും

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെയുള്ള പരാതി ഐജി അന്വേഷിക്കും. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. നേരത്തെ, കോഴിക്കോട്ടെ പ്രസംഗത്തിലും രമ്യ ഹരിദാസനെ വിജയരാഘവന്‍ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു.

സംഭവത്തില്‍ കേസെടുക്കണമെന്നാണ് ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിജയരാഘവനെതിരെ രമ്യ ഹരിദാസ് ആലത്തൂര്‍ ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് മുനീര്‍ മാറഞ്ചേരിയും വിജയരാഘവനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ രമ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വനിതകളുടെ ഒരു പ്രത്യേക സംഘം ആലത്തൂരിലെത്തി രമ്യയുടെ രേഖപ്പെടുത്തുമെന്നാണ് വിവരം.

SHARE