കാര്‍ട്ടൂണ്‍ വിവാദം: എ കെ ബാലനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

കൊച്ചി: കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ മന്ത്രി എ കെ ബാലനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍.അക്കാദമി ജൂറിയെ തീരുമാനിച്ച് പുരസ്‌കാരം നിശ്ചയിച്ചാല്‍ അത് കൊടുക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി ഒരു ഓട്ടോണമസ് ബോഡിയാണ്. ഇക്കാര്യത്തില്‍ അക്കാദമി എടുത്ത തീരുമാനം ശരിയാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അവാര്‍ഡ് പുനപരിശോധിക്കണമെന്ന് പറയാനുള്ള അധികാരം മന്ത്രിക്കുണ്ടെന്ന് തനിക്കു തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച് പറഞ്ഞാല്‍ മതിയല്ലോയെന്നും വേറെ ജൂറിയെ വെയ്ക്കുന്നതെന്തിനാണെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ മന്ത്രിക്ക് അധികാരമില്ലെന്ന് താന്‍ ആദ്യം തന്നെ പറഞ്ഞിട്ടുള്ളതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അക്കാദമി ഓട്ടോണമസ് ബോഡിയാണ്. അവര്‍ സ്വതന്ത്രമായി എടുത്ത തീരുമാനമാണ്. അത് അംഗീകരിക്കാന്‍ വലിയ മനസുണ്ടാകുകയെന്നതാണ് എല്ലാവര്‍ക്കും വേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

നയപരമായ കാര്യങ്ങളില്‍ അക്കാദമികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനപരിശോധിക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കാനം രാജേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കൊടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പീഡന പരാതി അവരുടെ വ്യക്തിപരമായ പ്രശ്‌നമാണെന്നും അതിനോടൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. പരാതിയില്‍ കേസുണ്ട്. അതില്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.