കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദം അക്കാദമി നിലപാടിന് പിന്തുണ: വരക്കൂട്ടം

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനപ്പരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്‌കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നല്‍കുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടം ആര്‍ട്ടിസ്റ്റ് കമ്മ്യൂണ്‍ കേരള. സാമൂഹ്യ വിമര്‍ശനത്തിന്റെ ശക്തമായ മാധ്യമമായ കാര്‍ട്ടൂണ്‍ എന്ന കലാരൂപത്തോടും സാമൂഹ്യ വിരുദ്ധതകള്‍ക്കെതിരെ ജനപക്ഷത്തുനിന്ന് ആവിഷ്‌കാരം നടത്തുന്ന കലാകാരന്മാരോടുമുള്ള ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാടാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

കേരള ലളിതകലാ അക്കാദമിയുടെ സ്വയംഭരണാവകാശവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നിലനിറുത്തുന്നതിനും നെറികേടുകള്‍ക്കെതിരെ ആവിഷ്‌കാരസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി അക്കാദമി കൈക്കൊള്ളുന്ന നടപടികള്‍ക്ക് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും വരക്കൂട്ടം ഭാരവാഹികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

SHARE