മുബൈയില്‍ കനത്ത മഴ തുടരുന്നു; മരണം അഞ്ചായി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാന നഗരമായ മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കനത്ത മഴ മഹാനഗരത്തില്‍ വന്‍ കെടുതികള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നഗര സമീപത്തെ വഡാല ഈസ്റ്റില്‍ ലോയഡ് എസ്‌റ്റേറ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിട ഭിത്തി ഇടിഞ്ഞ് വീണു. ആളപായം ഒന്നുമില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അതേസമയം കെട്ടിടത്തിന്റെ താഴെ നിര്‍ത്തിയിട്ടിരുന്ന 15 കാറുകള്‍ തകര്‍ന്നു. ചുറ്റുമതിലാണ് ഇടിഞ്ഞു വീണത്.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജനജീവിതം ദുസഹമാക്കി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. മുംബൈ കിംങ്‌സ് സര്‍ക്കിള്‍, സിയോണ്‍സ് റോഡ് എന്നിവിടങ്ങള്‍ പൂര്‍ണമായി ദുരിതത്തിലായി. പല പ്രധാന സ്ഥലങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. റോഡുകളില്‍ വെള്ളക്കെട്ടായതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട് ഉണ്ടായി. 231 മില്ലീമിറ്റര്‍ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.