ഹിജാബും തൊപ്പിയുമിട്ട് കരോള്‍ പാടി; പ്രധാനമന്ത്രിയുടെ ‘വേഷ’ പരാമര്‍ശത്തിനെതിരെ വേറിട്ട പ്രതിഷേധം

പത്തനംതിട്ട: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രംകൊണ്ട് തിരിച്ചറിയാമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍മശത്തിനെതിരെ പ്രതിഷേധിച്ച് കോഴഞ്ചേരി മാര്‍ത്തോമാ പള്ളിയിലെ വിശ്വാസികള്‍. ക്രിസ്തുമസ് ദിവസം മുസ്ലിം വേഷം ധരിച്ച് കരോള്‍ ഗാനം പാടിയായിരുന്നു ഇവരുടെ പ്രതിഷേധം. കരോള്‍ സംഘത്തിലെ സ്ത്രീകള്‍ ഹിജാബും പുരുഷന്മാര്‍ തൊപ്പിയും ധരിച്ചാണ് പള്ളിയില്‍ കരോള്‍ ഗാനം പാടിയത്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചത്. ‘വസ്ത്രത്തില്‍ നിന്നും ഇവര്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുമോ’യെന്ന ചോദ്യവുമായി ശശി തരൂര്‍ എം.പിയും കരോള്‍ ഗാനസംഘത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

അഭയാര്‍ത്ഥികള്‍ക്കുള്ള ഐക്യദാര്‍ഢ്യമായിട്ടാണ് തങ്ങള്‍ മുസ്ലിം വസ്ത്രം ധരിച്ച് കരോള്‍ ഗാനം പാടിയതെന്നും മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് കരോള്‍ ഗാനം തയ്യാറാക്കിയതെന്നും കരോള്‍ ഗാനസംഘം പറയുന്നു. ‘പ്രതിഷേധക്കാരെ വേഷംകൊണ്ട് തിരിച്ചറിയാമെന്നാണല്ലോ പ്രധാനമന്ത്രി പറഞ്ഞത്. അതുകൊണ്ട് ആ വേഷം ധരിച്ച് പാടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യാഥാസ്ഥിതികരായ ആളുകള്‍ ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ക്രിസ്തു ജനിക്കുന്ന സമയത്ത് യേശുവിന്റെ മാതാപിതാക്കള്‍ അഭയാര്‍ത്ഥികളായി യാത്രയിലായിരുന്നല്ലോ. ഇന്ന് അഭിനവ ഹേറോദേസുമാര്‍ വാഴുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്കുള്ള പിന്തുണയായിട്ടാണ് ഞങ്ങള്‍ കരോള്‍ ഗാനം പാടിയത്’ റവ ഡാനിയേല്‍ ടി. ഫിലിപ്പ് പറഞ്ഞു.

അഭയാര്‍ത്ഥികളായവര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഡാനിയേല്‍ വ്യക്തമാക്കി. ഇവരുടെ ഈ നിലപാടിനെ പിന്തുണച്ചും എതിര്‍ത്തും വിശ്വാസികള്‍ രംഗത്തുണ്ട്. ഒരു ക്രിസ്ത്യന്‍ പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് ഇത്തരത്തില്‍ പാടരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിശ്വാസികളുടെ ഭാഗത്തു നിന്നും ഉയരുന്ന വിമര്‍ശനം. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ പീഡനം ഏറ്റുവാങ്ങുമ്പോള്‍ ഇത്തരത്തില്‍ പ്രതിഷേധിക്കുന്നതില്‍ തെറ്റില്ലെന്നും ഒരു വിഭാഗം പറയുന്നു.

SHARE