അര്‍ജന്റീന ഫുട്‌ബോള്‍ താരം സഞ്ചരിച്ച വിമാനം കാണാതായി

ലണ്ടന്‍: അര്‍ജന്റിനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സാലെ സഞ്ചരിച്ച ചെറു വിമാനം കാണാതായി. ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് വിമാനം അപ്രത്യക്ഷമായത്.സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായതെന്നും ഇതില്‍ രണ്ട് യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളൂവെന്നും ആരാണ് രണ്ടാമത്തെ യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗേര്‍ണെസി പോലീസ് വ്യക്തമാക്കി. പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. വിമാനത്തിനായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് റെക്കോഡ് തുകയായ 138 കോടി രൂപ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടര്‍ന്ന് ക്ലബ്ബിലെ സഹതാരങ്ങളോടും ക്ലബ്ബംഗങ്ങളോടും വിട പറഞ്ഞ് പുതിയ ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു അര്‍ജന്റീനാ താരം. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

SHARE